പാരീസ്: നെയ്മറിനു പിന്നാലെ പിഎസ്ജിയിലേക്ക് ചേക്കേറിയ മൊണാക്കോ താരം കൈലിയന്‍ എംബാപ്പെ തുടക്കം ഗംഭീരമാക്കി. ഫ്രഞ്ച് ലീഗ് വണ്ണിൽ മെറ്റ്സിനെതിരെ നടന്ന മത്സരത്തില്‍ ഉജ്വലപ്രകടനത്തോടെ എംബാപ്പെ പിഎസ്ജിയെ വിജയത്തിലേക്കു നയിച്ചു. പിഎസ്ജിയുടെ 5-1 എന്ന ഉജ്വലവിജയത്തിന് എംബാപ്പെയുടെ കന്നിഗോള്‍ മുതല്‍ക്കൂട്ടായി.
നെയ്മറിനെ ലോക റിക്കാർഡ് തുകയ്ക്ക് സ്വന്തമാക്കിയ പിഎസ്ജി എംബാപ്പെയെ സ്വന്തമാക്കാന്‍ മുടക്കിയ തുകയും അത്ര ചെറുതല്ല. ഈ വർഷത്തെ മികച്ച രണ്ടാമത്തെ കൈമാറ്റത്തുകയാണ് എംബാപ്പയുടേത്.
കളിയുടെ 31-ാം മിനിറ്റില്‍ നെയ്മറുടെ പിന്‍പോയിന്റ് ത്രൂ ബോള്‍ എഡിന്‍സണ്‍ കവാനി ഗോളാക്കി മാറ്റിയതോടെയാണ് പിഎസ്ജിയുടെ ജൈത്രയാത്ര ആരംഭിച്ചത്. ഇടവേളയ്ക്കു മുമ്പായി മെറ്റ്സ് മറുപടി ഗോള്‍ നല്‍കിയെങ്കിലും പിന്നീടങ്ങോട്ട് പിഎസ്ജിയുടെ ആധിപത്യമായിരുന്നു. എംബാപ്പെയ്ക്കു തൊട്ടു പിന്നാലെ നെയ്മറും വല ചലിപ്പിച്ചു.
ലൂക്കാസ് മൗരയാണ് അഞ്ചാംഗോള്‍ നേടിയത്. കവാനി രണ്ടു ഗോളുകള്‍ നേടി. വിജയത്തോടെ ലീഗ് വണ്‍ സീസണില്‍ പിഎസ്ജി മൂന്നു പോയിന്റുകള്‍ സ്വന്തമാക്കി. ‘’ നല്ല കളിക്കാര്‍ നല്ല കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നു. എംബാപ്പെ തുടക്കം നന്നാക്കിയെന്ന് താന്‍ വിശ്വസിക്കുന്നുമെന്ന് പിഎസ്ജിയുടെ പരിശീലകന് യുനായി എമെറി പറഞ്ഞു. ‘’ ഒരു വിജയം, ഒരു ഗോള്‍,ഒരു നല്ല മത്സരം, പിഎസ്ജിയിലെ തുടക്കം തൃപ്തികരമാണ്’’എന്ന് എംബാപ്പെ പറഞ്ഞു.
എംബാപ്പെ അരങ്ങേറി; രാജകീയമായി
12:00 AM Sep 10, 2017 | Deepika.com