ന്യൂഡൽഹി: ബിസിസിഐയ്ക്ക് പുതിയ ഭരണഘടന തയാറാക്കണമെന്നു സുപ്രീംകോടതി. കോടതി നിയോഗിച്ച മുൻ സിഎജി വിനോദ് റായ് അദ്ധ്യക്ഷനായ ഇടക്കാല ഭരണസമിതിയാണു ഭരണഘടന തയ്യാറാക്കേണ്ടതെന്ന് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ജസ്റ്റീസ് ലോധസമിതി ശിപാർശകൾ നടപ്പാക്കാത്ത ബി.സി.സി.ഐ ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ ചൗധരി എന്നിവർക്കാണ് നോട്ടീസ്. ലോധ സമിതി ശിപാർശകൾ നടപ്പാക്കാത്തതിന് അമിതാഭ് ചൗധരിക്കെതിരേ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയയ്ക്കാനും ബെഞ്ച് ഉത്തരവിട്ടു.
കേസ് സെപ്തംബർ 19ന് വീണ്ടും പരിഗണിക്കുന്പോൾ അമിതാഭ് നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. ജസ്റ്റീസ് ലോധ സമിതി ശിപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച് ജൂലൈ 24ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ ഒരു വരി പോലും നടപ്പാക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ മുഴുവൻ ഭാരവാഹികളെയും പരിച്ചുവിടണമെന്നും ഇടക്കാല ഭരണസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ബിസിസിഐക്കു പുതിയ ഭരണഘടന വേണം: കോടതി
11:50 PM Aug 23, 2017 | Deepika.com