പാരീസ്: പാരി സാന്‍ ഷെര്മയിന്റെ ഹോം ഗ്രൗണ്ടില്‍ നെയ്മര്‍ രണ്ടു ഗോളടിച്ച് അരങ്ങേറി. പാര്‍ക് ഡെസ് പ്രിന്‍സില്‍ പിന്നില്‍നിന്നശേഷം തിരിച്ചടിച്ച്് പിഎസ്ജി 6-2ന് ടൂളോസിനെ തകര്‍ത്തു. ജയത്തോടെ പിഎസ്ജി ലീഗ് വണ്ണില്‍ മുന്നിലെത്തി.
പുതിയ ക്ലബ്ബില്‍ നെയ്മര്‍ രണ്ടു കളിയില്‍ മൂന്നു ഗോള്‍ നേടി. രണ്ടു ഗോളിനൊപ്പം രണ്ടു ഗോളിനു വഴിയൊരു ക്കാനും നെയ്മർക്കു സാധിച്ചു.
കളിയുടെ തുടക്കം മുതലേ പിഎസ്ജി ആധിപത്യം പുലര്‍ത്തി. പാരീസ് ക്ലബ്ബിന്റെ ആക്രമണങ്ങള്‍ കൂടുതലും നെയ്മറെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ കളിക്കു വിപരീതമായി ടൂളോസ് ആദ്യം മുന്നിലെത്തി. മാക്സ് ഗാര്ബലായിരുന്നു (18) ഗോള്‍ സ്കോറര്‍.
പിഎസ്ജിയുടെ പെനാല്‍റ്റി ഏരിയയില്‍ സ്ഥലം കണ്ടെത്തിയ ഗാര്ബല് കെല്‍വിന്‍ അമിയന്റെ ക്രോസില്‍നിന്നാണ് ഗാർബൽ വല കുലുക്കിയത്. ഹോം ഗ്രൗണ്ടില്‍ നെയ്മറുടെ ഗോളിനുള്ള കാത്തിരിപ്പ് 31-ാം മിനിറ്റില്‍ അവസാനിച്ചു. അഡ്രിയന്‍ റബിയട്ടിന്റെ ഷോട്ട് ഗോള്‍കീപ്പറുടെ കൈയില്‍നിന്നു തെറിച്ച് വീണത് നെയ്മറുടെ മുന്നില്‍. അവസരം പാഴാക്കാതെ ബ്രസീലിയന്‍ സ്ട്രൈക്കര്‍ പന്ത് വലയിലാക്കി. നാലു മിനിറ്റ് കഴിഞ്ഞ് റാബിയട്ടിന്റെ ഗോളിന് നെയ്മര്‍ വഴിയൊരുക്കി. ഇടവേളയ്ക്കു പിരിയുമ്പോള്‍ പിഎസ്ജി 2-1ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍, പിഎസ്ജിക്കു തിരിച്ചടിയേറ്റു. 69-ാം മിനിറ്റില്‍ മാര്‍കോ വെറാറ്റി രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങി.
എന്നാല്‍ ഇതുകൊണ്ടൊന്നും പിഎസ്ജി കുലുങ്ങിയില്ല. 75-ാം മിനിറ്റില്‍ നെയ്മറെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി എഡിന്‍സണ്‍ കവാനി വലയിലാക്കി. കീഴടങ്ങാന്‍ ടൂളോസ് തയാറല്ലായിരുന്നു. ജൂലിയന്റെ ഹെഡര്‍ പിഎസ്ജിയുടെ തിയാഗോ സില്‍വയുടെ (78) ദേഹത്തു തട്ടി സ്വന്തം വലയില്‍ പതിച്ചു. പിഎസ്ജി ഗോളടി അവസാനിപ്പിച്ചില്ല. ഹാവിയര്‍ പസ്റ്റോര്‍ ബോക്സിനു പുറത്തുനിന്നെടുത്ത ശ്രമം വലയില്‍. 84-ാം മിനിറ്റില്‍ ലെവിന്‍ കുര്‍സാവ നെയ്മര്‍ നല്കിയ കോര്‍ണര്‍ കിക്കില്‍നിന്നു വല കുലുക്കി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ നെയ്മര്‍ സ്വതസിദ്ധമായ ശൈലിയില്‍ രണ്ടു പ്രതിരോധക്കാരെ കബളിപ്പിച്ച് ഇടംകാല് കൊണ്ട് പന്തു വലയിലെത്തിച്ചു. സീസണിലെ മികച്ച ഗോളായിരുന്നു ഇത്.
ബാഴ്സ ഡയറക്ടർമാർക്കെതിരേ നെയ്മർ
പാരീസ്: പാരിസ് സാന്‍ ഷര്മയ്നിലേക്ക് റിക്കാര്‍ഡ് തുകയ്ക്ക് ചേക്കേറിയ സൂപ്പര്‍താരം നെയ്മര്‍, ബാഴ്സയിലെ തന്റെ പഴയ ഡയറക്ടര്‍മാർക്കെതിരേ രംഗത്ത്. ബാഴ്സ ഇവരെയല്ല അര്‍ഹിക്കുന്നത് എന്നായിരുന്നു താരത്തിന്റെ ആക്ഷേപം.
ഞാന്‍ സത്യമേ പറയൂ. ബാഴ്സയെ നയിക്കുന്നവര്‍ ആ സ്ഥാനത്തിന് യോഗ്യരല്ല. ഇത് എന്റെ മാത്രം അഭിപ്രായമല്ല, ലോകം മുഴുവന്‍ ഇതേ പറയൂ. ഞാന്‍ അവരോടൊത്തുള്ള സമയത്ത് അസംതൃപ്തനായിരുന്നു. താരം ആഞ്ഞടിച്ചു. കഴിഞ്ഞദിവസം ടൂലോസിനു മേല്‍ പിഎസ്ജി നേടിയ 6-2 വിജയത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് നെയ്മര്‍ വിവാദപരാമര്‍ശം നടത്തിയത്.
താന്‍ ഇപ്പോള്‍ മറ്റൊരു ടീമിലായതിനാല്‍ കൂടുതലായി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. മാത്രവുമല്ല ബാഴ്സയില്‍ ഇപ്പോഴും തന്റെ സുഹൃത്തുക്കള്‍ ഉണ്ട്. ഓരോ വാക്കും അവരെ വേദനിപ്പിച്ചേക്കും. ബാഴ്സ ഉയര്‍ന്നു വരുമെന്നു തന്നെയാണ് പ്രതീക്ഷയും ആഗ്രഹവുമെന്ന് താരം പറഞ്ഞു.
പാരീസിലും നെയ്മര്‍ ഷോ
12:08 AM Aug 22, 2017 | Deepika.com