പാലാ: സംസ്ഥാന വോളിബോള്‍ അസോസിയേഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഡോ. സണ്ണി വി. സഖറിയയെ നിയമിച്ചു. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ മുന്‍ കായികാധ്യാപകനായ ഇദ്ദേഹം 2005 മുതല്‍ 12 വര്‍ഷം കോട്ടയം ജില്ലാ വോളിബോള്‍ അസോസിയേഷന് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. നിലവില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും കേരള സംസ്ഥാന ഒളിന്പിക്സ് അസോസിയേഷന് പ്രതിനിധിയുമാണ്. കോട്ടയം ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷന് സെക്രട്ടറിയായി 1992 മുതല്‍ 12 വര്‍ഷം സേവനമനുഷ്ഠിച്ച ഡോ. സണ്ണി വി. സഖറിയ കോട്ടയം ജില്ലാ ജൂഡോ, കബഡി, കരാട്ടെ അസോസിയേഷനുകളുടെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കായികാധ്യാപകനായിരിക്കെ 2005 മുതല്‍ 2009 വരെ തുടര്‍ച്ചയായി നാലു വര്‍ഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ കായികരംഗത്തെ ഏറ്റവും മികച്ച കോളജിനുള്ള അവാര്‍ഡ് അരുവിത്തുറ കോളജിനു ലഭിക്കുകയുണ്ടായി. പാലാ ടൗണ്‍ ജേസീസ്, പാലാ സ്പൈസ്വാലി ലയണ്‍സ് ക്ലബ്, ഭരണങ്ങാനം വൈസ്മെന്‍ ക്ലബ് തുടങ്ങിയവയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച് സാമൂഹ്യരംഗത്തും മികവു തെളിയിച്ചിട്ടുണ്ട്. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഡോ. സണ്ണി വി. സഖറിയ.
സണ്ണി വി. സഖറിയ വോളി അസോസിയേഷൻ സിഇഒ
01:03 AM Aug 13, 2017 | Deepika.com