കാന്‍ഡി: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും സംഘവും പല്ലേക്കലെയില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നു. ശ്രീലങ്കയുമായുള്ള മൂന്നാം ടെസ്റ്റ് ഇന്ന് ആരംഭിക്കുമ്പോള്‍ കടല്‍ കടന്നുള്ള മൂന്നു ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയ ആദ്യ ഇന്ത്യന്‍ ടീമാവുകയാണ് കോഹ്ലിയുടെയും കൂട്ടരുടെയും ലക്ഷ്യം.
ആദ്യരണ്ടു ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഗോളില്‍ നടന്ന ടെസ്റ്റില്‍ 304 റണ്‍സിനും കൊളംബോയില്‍ ഇന്നിംഗ്സിനും 53 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. മൂന്നാമത്തെ ടെസ്റ്റ് കൂടി വിജയിച്ചാല്‍ അത് ചരിത്രമാകും. ശ്രീലങ്കയാകട്ടെ അത്ര ഫോമിലല്ലാത്ത അവസ്ഥയിലുമാണ്. ടീമിലെ പല പ്രമുഖരും ഫോമിലല്ലാത്തതും ചിലര്‍ പരിക്കുമൂലം മാറി നില്ക്കുന്നതും ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു. പരമ്പര നേടിയതിനാല്‍ അപ്രധാനമത്സരമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും ഇന്ത്യ മത്സരത്തെ ലാഘവത്തോടെയല്ല കാണുന്നത്. പരമ്പര നഷ്ടമായെങ്കിലും സ്വന്തം മണ്ണില്‍ അമ്പേ പരാജയപ്പെടുകയെന്ന നാണക്കേടൊഴിവാക്കാന്‍ ലങ്കയും ശ്രമിക്കാനാണ് സാധ്യത.
കാലാവസ്ഥ മോശമായതിനാല്‍ ടീമുകള്‍ ഇന്നലത്തെ പരിശീലനം ഉപേക്ഷിച്ചിരുന്നു. പരിക്കു മൂലം ലങ്കന്‍ ടീമില്‍ നിന്നും വിശ്രമം നല്കിയ നുവാന്‍ പ്രദീപ്, രംഗണ ഹെറാത്ത് എന്നിവര്‍ക്കു പകരം ടീമിലെത്തിയ ദുഷ്മന്ത ചമീര, ലാഹിരു ഗമാഗെ എന്നിവര്‍ക്കും പരിശീലനം നടത്താനായില്ല.
ഇന്ത്യക്കുമുണ്ട് ടീമില്‍ ചില അപ്രതീക്ഷിത പറിച്ചുനടീലുകള്‍. കഴിഞ്ഞ ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സസ്പെന്‍ഷനിലാണ്. ജഡേജയ്ക്കു പകരമായി കോഹ്ലി ഇറക്കുന്ന തുറുപ്പുചീട്ട്് ഭുവനേശ്വര്‍ കുമാര്‍ ആയേക്കും. മുമ്പ് കോഹ്ലിയുടെ ടെസ്റ്റ്പടയില്, കിട്ടിയ അവസരങ്ങള്‍ പാഴാക്കാതിരുന്നയാളാണ് ഭുവനേശ്വര്‍. ഹര്‍ദിക് പാണ്ഡ്യയെ വിശ്രമത്തിനയച്ച് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്താനും സാധ്യത കാണുന്നുണ്ട്. ധര്‍മശാലയില്‍ ഓസ്ട്രേലിയയെ എറിഞ്ഞുടയ്ക്കാന്‍ യാദവ് വഹിച്ച പങ്ക് ചെറുതായിരുന്നില്ല.
ഇന്ത്യ ടെസ്റ്റ് കളിക്കാന്‍ ആരംഭിച്ച 1932 മുതല്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര മുഴുവനായി നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെ ടെസ്റ്റ് വിജയിക്കാനായാല്‍ അത് കോഹ്ലിയുടെ നായകകിരീടത്തില് ഒരു പൊന്‍തൂവലാകും.
ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ്: മൂന്നാം ടെസ്റ്റിന് ഇന്നു തുടക്കം
12:50 AM Aug 12, 2017 | Deepika.com