മുംബൈ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജക്ക് പകരം ഇടങ്കയ്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ഇടംനേടി. 12 മുതല്‍ പല്ലെകെലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഇന്ത്യ എയ്ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള അക്ഷറിനോട്് വേഗം ശ്രീലങ്കയിലെത്താന്‍ ബിസിസിഐ അറിയിച്ചു. ആദ്യമായാണ് അക്ഷറിനു ടെസ്റ്റിലേക്കു വിളി വരുന്നത്.
രണ്ടാം ടെസ്റ്റിനിടെ ലങ്കന്‍ ബാറ്റ്സ്മാന് മലിന്ദ പുഷ്പകുമാരയെ അപകടകരമായ രീതിയില്‍ പന്ത് കൊണ്ട് എറിഞ്ഞതിന് ഐസിസി ഒരു ടെസ്റ്റില്‍ നിന്ന് ജഡേജയെ വിലക്കിയിരുന്നു. ഒപ്പം മാച്ച് ഫീയുടെ 50 ശതമാനം പിഴയും ചുമത്തി.
മൂന്നാം ടെസ്റ്റിന്റെ അവസാന ഇലവനില്‍ ഇടം പിടിക്കുകയാണെങ്കില്‍ അക്ഷറിന് അത് ടെസ്റ്റ് അരങ്ങേറ്റമാകും. എന്നാല്‍, സ്ഥാന ത്തിനായി ടീമിലെ മറ്റൊരു സ്പിന്നര്‍ കുല്‍ദീപ് യാദവുമായി മത്സരിക്കേണ്ടിവരും. നേരത്തെ ഇന്ത്യക്കായി 30 ഏകദിനങ്ങളും ഏഴു ട്വന്റി 20യും അക്ഷര്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക എയെ തോല്‍പ്പിച്ച് ഇന്ത്യന്‍ എ ടീം കിരീടം നേടിയപ്പോള്‍ ആ ടീമില്‍ അക്ഷറുമുണ്ടായിരുന്നു.
ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേല്‍
12:07 AM Aug 10, 2017 | Deepika.com