പരിക്ക്: ഹെറാത്ത് പുറത്ത്
12:02 AM Aug 09, 2017 | Deepika.com
കൊളംബോ: പുറം വേദനയെത്തുടര്‍ന്ന് ശ്രീലങ്കന്‍ ഇടം കൈയന്‍ സ്പിന്നര്‍ രംഗണ ഹെറാത്തിനെ ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റില്‍ നിന്നു മാറ്റിനിര്‍ത്തി. നിലവില്‍ ഇന്ത്യക്കെതിരേയുള്ള പരമ്പര നഷ്ടമാവുകയും തിരക്കുപിടിച്ച ഒരു ടെസ്റ്റ് സീസണ് വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹെറാത്തിന് വിശ്രമമനുവദിച്ചതെന്ന് ടീം വക്താക്കള്‍ പറഞ്ഞു. ഇന്ത്യയുമായുളള ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെയാണ് ഹെറാത്തിന് പരിക്കേറ്റത്. പക്ഷേ വേഗം സുഖം പ്രാപിക്കുകയും അടുത്ത ടെസ്റ്റില്‍ കളിക്കുകയും ചെയ്തിരുന്നു. അടുത്ത ടെസ്റ്റില്‍ ഹെറാത്തിന്റെ അഭാവത്തില്‍ ഇടംകൈയന്‍ സ്പിന്നര്‍ മലിന്ദ പുഷ്പകുമാര ബൗളിംഗ് നയിക്കും. രംഗണ ഹെറാത്തിന്റെ പിന്മാറ്റം ലങ്കയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. ടീമിലെ ഒട്ടുമിക്ക താരങ്ങളും പരിക്കിന്റെ പിടിയിലാണ്.