ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ ആയി നിയമിക്കാൻ ജസ്റ്റീസ് ദീപക് മിശ്രയുടെ പേര് വിരമിക്കുന്ന ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ ശിപാർശ ചെയ്തു. ഓഗസ്റ്റ് 27-നാണ് ജ. ഖെഹാർ വിരമിക്കുന്നത്. ഒഡീഷയിൽനിന്നുള്ള ജസ്റ്റീസ് മിശ്രയ്ക്ക് അടുത്തവർഷം ഒക്ടോബർ രണ്ടുവരെ കാലാവധിയുണ്ടാകും. മുംബൈ സ്ഫോടനപരന്പര കേസിൽ യാക്കൂബ് മേമന്റെ വധശിക്ഷയും നിർഭയ കേസിലെ പ്രതികളുടെ ശിക്ഷയും ശരിവച്ചത് ഇദ്ദേഹം നയിച്ച ബെഞ്ചുകളാണ്. ക്രിമിനൽ അപകീർത്തി കേസുകൾ സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലുള്ള 499, 500 വകുപ്പുകൾ ശരിവച്ച വിധിയും ഇദ്ദേഹത്തിന്റെ ബെഞ്ചിൽനിന്നുണ്ടായതാണ്.