വാഷിംഗ്ടണ്‍: ബാഴ്സലോണ വിട്ട് പാരി സാൻ ഷർമെയ്നിൽ ചേക്കേറുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ ഗോളിലൂടെ മറുപടിയുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മര്‍. സ്പാനിഷ് ലീഗ് സീസണിന് മുന്നോടിയായുള്ള ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേയാണ് നെയ്മര്‍ ഗോള്‍ നേടിയത്. നെയ്മറിന്റെ ഒറ്റ ഗോളില്‍ ബാഴ്സലോണ വിജയിച്ചു.
വാഷിംഗ്ടണിലെ ഫെഡ് എക്സ് ഫീല്‍ഡില്‍ നടന്ന പോരാട്ടത്തിൽ എംഎസ്എൻ ത്രയം ബാഴ്സയുടെ ആക്രമണം നയിച്ചു. 31-ാം മിനിറ്റിലാണ് ബ്രസീല്‍ താരത്തിന്റെ വിജയഗോള്‍ പിറന്നത്. യുണൈറ്റഡ് റൈറ്റ് ബാക് അന്റോണിയോ വലന്‍സിയയ്ക്കു പറ്റിയ അബദ്ധം മുതലാക്കി നെയ്മര്‍ ബാഴ്സയെ മുന്നിലെത്തിച്ചു.
രണ്ട് മത്സരങ്ങളില്‍ നിന്നായി നെയ്മറിന്റെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. കഴിഞ്ഞദിവസം ന്യൂജേഴ്സിയില്‍ യുവന്റസിനെതിരായ മത്സരത്തില്‍ നെയ്മര്‍ രണ്ടു തവണ ലക്ഷ്യം കണ്ടിരുന്നു. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ തോല്‍വി. രണ്ടാം പകുതിയില്‍ പത്തു മാറ്റങ്ങള്‍ ബാഴ്സ നടത്തിയതോടെ കളിക്ക് ആദ്യ പകുതിയിലെ വേഗത നഷ്ടപ്പെട്ടു.
മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-1ന് റയല്‍ മാഡ്രിഡിനെയും യുവന്റസ് 3-2ന് പിഎസ്ജിയെയും തോല്‍പ്പിച്ചു.
വീണ്ടും നെയ്മർ: ബാഴ്സയ്ക്കു ജയം
12:02 AM Jul 28, 2017 | Deepika.com