മുംബൈ: കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ കളിച്ച ഒമ്പതു താരങ്ങളെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണിലേക്കുള്ള പ്ലെയേഴ്സ് ഡ്രാഫ്റ്റിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഈ നിലപാട് സ്വീകരിച്ചത്. ഒമ്പത് നോര്‍ത്ത് ഈസ്റ്റ് താരങ്ങളാണ് ബ്ലാസ്റ്റേഴ്സിനൊപ്പം നാലാം സീസണില്‍ കളത്തിലിറങ്ങുക.
അതേസമയം, ഡ്രാഫ്റ്റില്‍ ഏറ്റവും കൂടുതല്‍ വിലയുണ്ടായിരുന്ന മലയാളി താരം അനസ് എടത്തൊടികയെ 1.10 കോടി രൂപയ്ക്ക് പുതുതായി ഐഎസ്എലിലെത്തിയ ടാറ്റ ജംഷഡ്പുര്‍ സ്വന്തമാക്കി. നേരത്തെ ഡല്‍ഹി ഡൈനാമോസ് താരമായിരുന്നു മികച്ച പ്രതിരോധതാരമായ അനസ്. അതുപോലെ ഇതേ തുകയ്ക്ക് ഇന്ത്യന്‍ താരം യൂജിന്സണ് ലിംഗ്ദോയെ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയും സ്വന്തമാക്കി. ഗോള്‍കീപ്പര്‍ സുബ്രത പോളിനെ 87 ലക്ഷത്തിന് ജംഷഡ്പൂരും പ്രീതം കോട്ടാലിനെ 75 ലക്ഷത്തിന് ഡല്‍ഹിയും സ്വന്തമാക്കി.
ശ്രദ്ധയോടെ ബ്ലാസ്റ്റേഴ്സ്
വളരെ ശ്രദ്ധയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിനെ സമീപിച്ചത്. വലിയ തുക മുടക്കാതെ കൂടുതല്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കുക എന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്സ് പയറ്റിയത്. പ്രതിരോധ താരം സന്ദേശ് ജിങ്കനെയും മലയാളികളുടെ സ്വന്തം സി.കെ. വിനീതിനെയും നിലനിര്‍ത്തി മുംബൈയില്‍ ഡ്രാഫ്റ്റിനെത്തിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സന്തുലിതമായ ടീമിനെയാണ് തെരഞ്ഞെടുത്തത്. സി.കെ. വിനീത്, റിനോ ആന്റോ, യുവതാരങ്ങളായ പ്രശാന്ത്, അജിത് ശിവന് എന്നിവരാണ് കേരള ടീമിലെ മലയാളികള്‍.
ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മുഹമ്മദ് റാഫി 30 ലക്ഷത്തിന് ചെന്നൈയിന് എഫ്സിയിലേക്ക് പോയപ്പോള്‍ മറ്റൊരു മലയാളിയായ സക്കീറിനെ മുംബൈ എഫ്സി വാങ്ങി.
18 കോടിയായിരുന്നു ഓരോ ടീമും മുടക്കാവുന്ന പരമാവധി തുക. ബ്ലാസ്റ്റേഴ്സ് 13 താരങ്ങള്‍ക്കായി 5.93 കോടി രൂപയാണ് മുടക്കിയത്. 12.07 കോടി രൂപ ഇനിയും മുടക്കാം എന്നിരിക്കെ മികച്ച വിദേശ താരങ്ങള്‍ ടീമിലെത്തുമെന്നു പ്രതീക്ഷിക്കാം.
മികച്ച പ്രതിരോധം
പ്രതിരോധ നിര ശക്തമാക്കുക എന്ന തന്ത്രം ഡ്രാഫ്റ്റില്‍ ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അവലംബിച്ചു. ജിംഗനൊപ്പം പ്രതിരോധത്തിലേക്ക് മലയാളി താരം റിനോ ആന്റോയെയും (63 ലക്ഷം) യുവതാരവും ഇന്ത്യയുടെ അണ്ടര്‍-23 ടീം ക്യാപ്റ്റനുമായ ലാല്റുതാരയെയുമാണ് ബ്ലാസ്റ്റേഴ്സ് തെരഞ്ഞെടുത്തത്.
ഐ-ലീഗ് ചാമ്പ്യന്മാരായ ഐസോള്‍ എഫ്.സി താരമാണ് ലാല്‍റുതാര. ഐ-ലീഗില്‍ ഷില്ലോംഗ് ലജോംഗിനു വേണ്ടി കളിച്ച മേഘാലയയില്‍ നിന്നുള്ള താരം സാമുവല്‍ ഷദാബ്, മിസോറാമില്‍ നിന്നുള്ള ഇരുപതുകാരന് ലാല്‍തകിമ, മണിപ്പൂരില്‍ നിന്നുള്ള 21-കാരന് പ്രീതം സിംഗ്് എന്നിവരും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ കരുത്താണ്.
മധ്യനിരയിലും നോര്‍ത്ത് ഈസ്റ്റ് താരങ്ങളുടെ ആധിപത്യമാണ്. ജപ്പാനീസ് വംശജനായ അരാറ്റ ഇസുമി, മണിപ്പൂര്‍ താരങ്ങളായ ജാക്കിചന്ദ് സിംഗ്, സിയാം ഹംഗല്‍, ഒഗ്നം മിലന് സിംഗ്, ലോകന്‍ മെയ്തേയി എന്നിവരോടൊപ്പം മലയാളികളായ സി.കെ. വിനീതും അജിത് ശിവനുമാണ് മധ്യനിരയിലുള്ളത്. കൊച്ചി നിര്‍മല കോളേജ് വിദ്യാര്‍ഥിയായ അജിത് ശിവന് റിലയന്‍സ് ഫൗണ്ടേഷന് യൂത്ത് സ്പോര്‍ട്സിലൂടെയാണ് വന്നത്.
അതേസമയം മുന്നേറ്റനിരയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് നിലവില്‍ ബ്ലാസ്റ്റേഴ്സിനുള്ളത്. ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയ അണ്ടര്‍-21 മലയാളി താരം പ്രശാന്തും ഐ-ലീഗില്‍ മുംബൈയുടെ സ്ട്രൈക്കറായ കരണ്‍ അതുല്‍ സാഹ്നിയും. സാല്‍ഗോക്കറിനും ബംഗളൂരു എഫ്സിക്കും വേണ്ടി കളിച്ച സാഹ്നി ഇന്റര്മിലാന് അക്കാദമിക്കെതിരേ ഗോള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ മികച്ച സ്ട്രൈക്കറായാണ് അതുല്‍ വിലയിരുത്തപ്പെടുന്നത്. സി.കെ. വിനീതിനെയും ജാക്കി ചന്ദ് സിംഗിനെയും സ്ട്രൈക്കര്മാരായിട്ടും ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താം എന്നുള്ളതുകൊണ്ട് മുന്നേറ്റനിര വളരെ ശക്തമാണെന്നു വിലയിരുത്താം.
കഴിഞ്ഞ സീസണില്‍ എഫ്സി ഗോവയുടെ ഗോള്‍കീപ്പറായിരുന്ന സുഭാശിഷ് റോയ് ചൗധരിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കുക. വിദേശതാരങ്ങളുടെ കാര്യത്തില്‍ കൂടി തീരുമാനമാകുന്നതോടെ ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ് നിര സമ്പൂര്‍ണമാകും. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന് സര് അലക്സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റും യൂത്ത് ടീം പരിശീലകനുമായിരുന്ന റെനി മ്യൂലന്‍സ്റ്റീനാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത്.
25 ദേശീയ താരങ്ങള്‍
ഐഎസ്എല്‍ പുതിയ സീസണിലെ ലേലം പൂര്‍ത്തിയാകുമ്പോള്‍ ലേലത്തിലുണ്ടായിരുന്ന 29 ദേശീയ താരങ്ങളില്‍ 25 പേരെയും ഓരോ ക്ലബ്ബുകള്‍ സ്വന്തമാക്കി. 156 താരങ്ങള്‍ക്കായി 48.85 കോടി രൂപയാണ് ടീമുകള്‍ ആകെ മുടക്കിയത്.
2014ല്‍ നടന്ന ആദ്യ ഡ്രാഫ്റ്റില്‍ 24 കോടി മാത്രമായിരുന്നു എട്ടു ടീമുകള്‍ ചേര്‍ന്നു മുടക്കിയത്. പുതുതായി ഐഎസ്എലിലെത്തിയ ബംഗളൂര ു എഫ്സിയാണ് ഏറ്റവും കൂടുതല്‍ തുക മുടക്കിയത്. ഇന്നലെ നടന്ന ഡ്രാഫ്റ്റില്‍ 6.01 കോടി രൂപ മുടക്കി 16 ഇന്ത്യന്‍ താരങ്ങളെ അവര്‍ സ്വന്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സ്
നിലനിര്‍ത്തിയവര്‍: സന്ദേശ് ജിംഗന് (ഡിഫന്‍ഡര്‍), സി.കെ.വിനീത് (മിഡ്ഫീല്‍ഡര്‍), പ്രശാന്ത് കരുത്തേടത്തുകുനി (സ്ട്രൈക്കര്‍)
ഗോള്‍കീപ്പര്‍: സുഭാശിഷ് റോയ് ചൗധരി (37 ലക്ഷം)
ഡിഫന്‍ഡര്‍മാര്‍: 1. റിനോ ആന്റോ (63 ലക്ഷം) 2. ലാല്റ്വാതാരാ (25 ലക്ഷം) 3. ലാല്‍താക്കിമ (10 ലക്ഷം) 4. പ്രീതം കുമാര്‍ സിംഗ് 5. സാമുവല്‍ ശതബ്
മിഡ്ഫീല്‍ഡര്‍മാര്‍: 1. മിലാന് സിംഗ് (45 ലക്ഷം) 2. അരാറ്റ ഇസൂമി (40 ലക്ഷം) 3. ജാക്കിചന്ദ് സിംഗ് (55 ലക്ഷം) 4. സിയാം ഹംഗല്‍ (31 ലക്ഷം) 5. ലോകന്‍ മീട്ടെ (ആറു ലക്ഷം), അജിത് ശിവന് (ആറു ലക്ഷം)
സ്ട്രൈക്കര്‍
കരണ്‍ സാഹ്നി (എട്ടു ലക്ഷം)
‘വടക്കുകിഴക്കന്‍’ ബ്ലാസ്റ്റേഴ്സ്
11:25 PM Jul 23, 2017 | Deepika.com