മോസ്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമി ഫൈനലില്‍ ഇന്നു നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മനിയും മെക്സിക്കോയും ഏറ്റുമുട്ടും. ജര്‍മനിയുടെ പുതുരക്തത്തിന്റെ ശക്തിയെ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും മെക്സിക്കോയുടെ സാധ്യതകള്‍. ഡ്രാക്സലര്‍, ഗൊറേറ്റ്സ്കോ, സ്റ്റിന്‍ഡല്‍ ത്രയം ഫോമിലായാല്‍ മെക്സിക്കോയ്ക്ക്ു നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
അതുതന്നെയുമല്ല പുതുടീമിനെ വാര്ത്തെടുത്തപ്പോള് ജര്‍മന്‍ കോച്ച് ജോവാഹിം ലോയ്ക്ക് ഒരുപിടി സ്വപ്നങ്ങള്‍ മാത്രമല്ല അവശേഷിക്കുന്നത്. റഷ്യയിലെ അടുത്ത ലോകകപ്പ് കൂടി നോട്ടമിട്ടാണ് പുതുരക്തത്തെ ഫില്‍റ്റര്‍ ചെയ്ത് കോണ്‍ഫെഡറേഷനില്‍ ഇറക്കിയിരിക്കുന്നത്. ലോകചാമ്പ്യന്മാരുടെ പിന്ഗാമികളെന്നു വിശേഷിപ്പിക്കാന്‍ കരുത്തുള്ള റൂഡിഗര്‍, ജോഷ്വ കിമ്മിഷ്, ടിമോ വെര്‍ണര്‍ തുടങ്ങിയ താരങ്ങള്‍ എങ്ങനെയും മത്സരത്തെ ത്രസിപ്പിക്കുന്ന യുവാക്കളാണ്. ഗോളി മാര്‍ക് അന്‍ഡ്രെ ടെര് സ്റ്റെഗന് ജര്‍മന്‍ ഗോള്‍ പോസ്റ്റിലെ വന്മതിലാണ്.
2015 ലെ കോണ്‍കാകാഫ് കപ്പില്‍ മുത്തമിട്ട മെക്സിക്കോ ലോക റാങ്കിംഗില്‍ 17ാം സ്ഥാനത്താണ്.
മെക്സിക്കന്‍ താരനിരയില്‍ ഹാവിയര്‍ ഫെര്‍ണാണ്ടസിന്റെ പ്രകടനം മെക്സിക്കോയ്ക്കു മുതല്‍ക്കൂട്ടാവും. 1999 ല്‍ ഫൈനലില്‍ എത്തിയ മെക്സിക്കോ ബ്രസീലുമായി ഏറ്റുമുട്ടി ആ വര്‍ഷത്തെ കപ്പ് നേടിയിട്ടുണ്ട്. മെക്സിക്കോയിലായിരുന്നു അന്നത്തെ മത്സരം നടന്നത്.
കോണ്‍ഫെഡറേഷന്‍ കപ്പിന് 2005 ല്‍ ആതിഥേയത്വം വഹിച്ച ജര്‍മനി ഇതുവരെ കപ്പ് നേടിയിട്ടില്ല. ജര്‍മനി ആദ്യമായി ഈ കപ്പില്‍ പങ്കെടുത്തത് 1999 ലാണ്. രണ്ടു പ്രാവശ്യം മാത്രമാണ് മൂന്നാം റാങ്കിലുള്ള ജര്‍മനി ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടുള്ളത്.
ജോസ് കുമ്പിളുവേലില്‍
ജര്‍മനി -മെക്സിക്കോ
12:01 AM Jun 29, 2017 | Deepika.com