മെല്‍ബണ്‍: മത്സര വരുമാനം വീതം വയ്ക്കുന്നത് സംബന്ധിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനായ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും (എസിഎ)ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്ട്രേലിയയും (സിഎ)തമ്മിലുള്ള തര്‍ക്കം തുടരുന്നു. കഴിഞ്ഞ ദിവസം സിഎ അവതരിപ്പിച്ച പുതിയ വ്യവസ്ഥകള്‍ താരങ്ങള്‍ തള്ളി.
പുതിയ കരാറില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാന വിഹിതം റദ്ദാക്കിയെന്നാരോപിച്ചാണ് താരങ്ങള്‍ ഒന്നടങ്കം എതിര്‍ത്തത്. ബോര്‍ഡും താരങ്ങളും തമ്മിലുള്ള വരുമാനവിതരണം സംബന്ധിച്ച നിലവിലെ കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് അധികൃതര്‍ പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത വിഹിതം താരങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് നിലവിലുള്ള കാരാറില്‍ പറയുന്നത്. എന്നാല്‍ ഈ കരാര്‍ വ്യവസ്ഥ റദ്ദാക്കിക്കൊണ്ടാണ് സിഎ പുതിയ കരാര്‍ കൊണ്ടുവന്നിരിക്കുന്നത്.
‘’നിലവിലുള്ള വരുമാനവിതരണത്തിലൂടെ ആഭ്യന്തര ക്രിക്കറ്റ് വികസനത്തിനായി ഒന്നും ലഭിക്കുന്നില്ലെന്നാണ് എസിഎ പറയുന്നത്. ആഭ്യന്തര താരങ്ങള്‍ക്കും വരുമാനം ലഭിക്കേണ്ടതുണ്ട്,കൂടാതെ ആഭ്യന്തര ക്രിക്കറ്റിനും ഉന്നമനമുണ്ടാകണം. ഇതിനു സഹായകമായ വ്യവസ്ഥകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.’’ സിഎ ജനറല്‍ മാനേജര്‍ കെവിന് റോബര്‍ട്ട് വ്യക്തമാക്കി.
വരുമാന തര്‍ക്കം : ഓസീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ താരങ്ങള്‍
12:28 AM Jun 24, 2017 | Deepika.com