ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കറെ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. രണ്ടു വര്‍ഷമായി വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ലണ്ടനിലെ ഒരു സ്വകാര്യ ബാങ്ക് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബെക്കറുടെ ആരാധികയായ ക്രിസ്റ്റീന്‍ ഡെറെറ്റ് എന്നയാളാണ് ഇപ്പോള്‍ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിക്കുന്ന വിധി പുറപ്പെടുവിച്ച ജഡ്ജി എന്നത് യാദൃച്ഛികം.
വിധിയില്‍ ഖേദമെന്നു പിന്നീട് പറഞ്ഞെങ്കിലും, കോടതിയില്‍ ശക്തമായ നിലപാട് തന്നെയാണ് ബെക്കര്‍ക്കെതിരേ ജഡ്ജി സ്വീകരിച്ചത്. ആറു കോടി യൂറോയാണ് ബെക്കര്‍ ഈ ബാങ്കിന് കുടിശികയിനത്തില്‍ നല്‍കേണ്ടത്.
പതിനേഴാം വയസില്‍ ഗ്രാന്‍സ്്ലാം കിരീടം സ്വന്തമാക്കിയ ബെക്കറുടെ തകര്‍ച്ചയും അത്രവേഗത്തിലായിരുന്നു. ആറു ഗ്രാന്സ്്ലാമുകള് അടക്കം 49 കിരീടങ്ങള്‍ സ്വന്തമാക്കി. കോടിക്കണക്കിന് പണം സമ്പാദിച്ചിട്ടും ആഡംബര ജീവിതത്തിലൂടെ വന്‍ കടക്കെണിയിലേക്കു വീഴുകയായിരുന്നു ബെക്കര്‍. 2013 മുതല്‍ 2016 വരെ സെര്‍ബിയന്‍ ടെന്നീസ് താരം നോവാക് ജോക്കോവിച്ചിന്റെ പരിശീലകനായി തിളങ്ങിയെങ്കിലും ബന്ധം അധികനാള്‍ തുടര്‍ന്നില്ല. പരിശീലക സ്ഥാനത്തുനിന്നും പിന്നീട് ജോക്കോവിച്ച് ബെക്കറെ നീക്കുകയായിരുന്നു. 2014 ല്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയ ജോക്കോവിച്ചിന്റെയും ബോറിസിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ‘’ജോക്കര്‍’’ എന്ന് ടെന്നീസ് ലോകം വാഴ്ത്തിയതും ആരും മറന്നിട്ടുണ്ടാവില്ല.
2011 ല്‍ ആദ്യ ഭാര്യയായ ബാര്‍ബറയുമായി വിവാഹബന്ധം വഴി പിരിയുമ്പോള്‍ ഫ്ളോറിഡയിലെ വീടുള്‍പ്പടെ ഒരു കോടി 15 ലക്ഷം യൂറോയാണ് ബെക്കറിനു കൈവിട്ടുപോയത്. ഇതിനിടെ ടെന്നീസ് സ്പോര്ട്സ്് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വോള്‍ക്കി എന്ന കമ്പനി രൂപീകരിച്ചെങ്കിലും രക്ഷപ്പെട്ടില്ല. പിന്നീട് മെഴ്സിഡസ് ബെന്‍സിന്റെ അംഗീകൃത ഡീലറായി ബിസിനസ് തുടങ്ങിയതും പൊളിഞ്ഞു. ലണ്ടനില്‍ വാടകയ്ക്കെടുത്ത ആഡംബര വീടിന് 35,000 യൂറോയാണ് പ്രതിമാസ വാടക. അവിടെ താമസിക്കുന്നതാവട്ടെ നിലവിലെ ഭാര്യയും ബെക്കറുടെ ഹെയര്‍ സ്റ്റൈലിസ്റ്റുമാണ്. വന്‍ കടബാധ്യത തീര്‍ക്കാന്‍ സമീപ ഭാവിയിലൊന്നും ബെക്കര്‍ക്കു സാധിക്കുമെന്ന് കരുതാനാവില്ലെന്നു കണ്ടാണ് അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജോസ് കുമ്പിളുവേലില്‍
ബോറിസ് ബെക്കറെ കോടതി പാപ്പരായി പ്രഖ്യാപിച്ചു
12:34 AM Jun 23, 2017 | Deepika.com