ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന് പരിശീലകനെന്ന നിലയില്‍ പുതിയ മാനങ്ങള്‍ നല്കിയ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍ അനില്‍ കുംബ്ലെ തത് സ്ഥാനം രാജിവച്ചു. ഇന്ത്യന്‍ നായകന് വിരാട് കോഹ്്ലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള പോര് അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് കുംബ്ലെയുടെ രാജി. കുംബ്ലെയുടെ കരാര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് അവസാനിച്ചത്. എന്നാല്‍, പരിശീലകനായി തുടരാന്‍ തനിക്ക് താത്പര്യമുണ്ടെന്നു കാണിച്ച് കുംബ്ലെ ബിസിസിഐക്ക് അപേക്ഷയും നല്‍കിയിരുന്നു. ബിസിസിഐ പുതിയ പരിശീലകനെ തേടുന്ന പശ്ചാത്തലത്തിലായിരുന്നു കുംബ്ലെ വീണ്ടും അപേക്ഷ നല്‍കിയത്.
ഒരു വര്‍ഷം കൂടി കുംബ്ലെ തുടരുമെന്നാണ് ബിസിസിഐയുടെ ഭരണസമിതി ചീഫ് വിനോദ് റായി വ്യക്തമാക്കിയിരുന്നത്. കുംബ്ലെയും കോഹ്്ലിയും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, കോഹ്്ലിയുമായുള്ള അഭിപ്രായവ്യത്യാസം അതിന്റെ പാരമ്യത്തിലെത്തിയ പശ്ചാത്തലത്തില്‍ കുംബ്ലെ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ. എന്നാല്‍, കരാര്‍ അവസാനിച്ച പശ്ചാത്തലത്തില്‍ കുംബ്ലെയുമായുള്ള കരാര്‍ പുതുക്കേണ്ടെന്നും പുതിയ അപേക്ഷകള്‍ പരിഗണിക്കാമെന്നുമാണ് ബിസിസിസിഐയുടെ ഔദ്യോഗിക ഭാഷ്യം.
പരിശീലകനായ അനില്‍ കുംബ്ലെ ഇല്ലാതെയാണ് ടീം ഇന്ത്യ ഇന്നലെ വിന്‍ഡീസ് പര്യടനത്തിനായി യാത്ര തരിച്ചത്. അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനുള്ളതിനാലാണ് കുംബ്ലെ, ടീം അംഗങ്ങളെ അനുഗമിക്കാത്തതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. കുംബ്ലെ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനാണ്. ഈ കമ്മിറ്റിയാണ് കളിയുടെ നിയമങ്ങളും മറ്റുമൊക്കെ പരിഷ്കരിക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യന്‍ ടീമിന്റെ കനത്ത പരാജയത്തോടെ രൂക്ഷമായ കോഹ്്ലി- കുബ്ലെ പോരാണ് കുംബ്ലെയുടെ അസാന്നിധ്യത്തിനു കാരണം. തന്റെ അനിഷ്ടം പരസ്യമാക്കുന്നതിന്റെ സൂചനയാണ് കുംബ്ലെയുടെ രാജി. തിങ്കളാഴ്ച ആരംഭിച്ച ഐസിസി വാര്‍ഷിക മീറ്റിംഗ് 22 വരെ നീളും. പുതിയ പശ്ചാത്തലത്തില്‍ കുംബ്ലെ യോഗത്തിനെത്തുമോ എന്ന കാര്യവും സംശയമാണ്. 23നാണ് വീന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. സൗരവ് ഗാംഗുലി, സച്ചിന് തെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷമണ് എന്നിവരടങ്ങിയ ഉപദേശക സമിതി മുമ്പാകെ കോഹ്ലി, തനിക്ക് കുംബ്ലെയുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ കുബ്ലെയും കോഹ്്ലിയും തമ്മില്‍ ആശയവിനിമയമില്ലായിരുന്നെന്നും ഏതാനും ബൗളിംഗ് താരങ്ങളോട് മാത്രമാണ് കുബ്ലെ സംസാരിച്ചതെന്നുമാണ് വിവരം. അതേസമയം, വിന്‍ഡീസ് പര്യടനം കഴിയും വരെ കുംബ്ലെ തുടരട്ടെ എന്നായിരുന്നു ഉപദേശകസമിതി ബിസിസിഐക്കു നല്കിയ റിപ്പോര്‍ട്ട്.
ഇനി കുംബ്ലെയുമായി ഒരിക്കലും യോജിച്ചുപോകാനാകില്ലെന്ന് കോഹ്്ലി ബിസിസിഐയോടും ഉപദേശകസമിതിയോടും വ്യക്തമാക്കിയിരുന്നു. ഉപദേശക സമിതി ഇക്കാര്യം ബിസിസിഐയോടും സൂചിപ്പിച്ചു. കുംബ്ലെയുടെ രാജിയുടെ പശ്ചാത്തലത്തില്‍ ഉപദേശക സമിതി അംഗങ്ങള്‍ ചേര്‍ന്ന് പുതിയ പരിശീലകനെ തീരുമാനിക്കും.
കുംബ്ലെയുടെ കാലയളവില്‍ ഇന്ത്യ അവിശ്വസനീയ നേട്ടങ്ങളാണ് കൈവരിച്ചത്. 12 ടെസ്റ്റുകള്‍ വിജയിച്ചപ്പോള്‍ ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഇന്ത്യക്കു വേണ്ടി 132 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കുംബ്ലെ 619 വിക്കറ്റുകള്‍ സ്വന്തമാക്കി. 271 ഏകദിനങ്ങളില്‍നിന്ന് 337 വിക്കറ്റുകളും കുംബ്ലെയ്ക്കുണ്ട്.
അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം രാജിവച്ചു
12:05 AM Jun 21, 2017 | Deepika.com