ഇന്ത്യ
ബംഗ്ലാദേശിനെ ഒമ്പതു വിക്കറ്റിനു പരാജയപ്പെടുത്തി ഫൈനലിലെത്തിയ ഇന്ത്യ പ്രാഥമിക റൗണ്ടില്‍ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തി. എന്നാല്‍, ശ്രീലങ്കയോടു തോറ്റു
പാക്കിസ്ഥാനെതിരേ 124 റണ്‍സ് ജയം
എജ്ബാസ്റ്റണില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായായിരുന്നു ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ കന്നിപ്പോരിനിറങ്ങിയത്. രോഹിത് ശര്‍മയുടെ ഉജ്വല ഇന്നിംഗ്സിന്റെ (91) ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു. വിരാട് കോഹ്്ലിയുടെയും യുവ്രാജ് സിംഗിന്റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും ഇന്ത്യക്കു കരുത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് അഹമ്മദ് ഷെഹസാദും അസ്ഹര്‍ അലിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. എന്നാല്‍, മഴ ഇടയ്ക്ക് രസംകൊല്ലിയായി. പാക്കിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി പുനഃക്രമീകരിച്ചു. എന്നാല്‍, 33.4 ഓവറില്‍ 164 റണ്‍സിന് എല്ലാവരും പുറത്തായി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയം 124 റണ്‍സിന്.
മൂന്നു വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് ഇന്ത്യന്‍ നിരയില്‍ ഏറെ തിളങ്ങിയ ബൗളര്‍.
ശ്രീലങ്കയോട് ഏഴു വിക്കറ്റ് തോല്‍വി
പാക്കിസ്ഥാനോടു വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ശ്രീലങ്കയെ നേരിട്ട കോഹ്്ലിക്കും സംഘത്തിനും പിഴച്ചു. മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ പരാജയം. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഒരിക്കല്‍ക്കൂടി മികച്ച കൂട്ടുകെട്ടുണ്ടാക്കി. 138 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. ധോണിയും (52) മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടിയിട്ടും പരാജയപ്പെട്ടു. ധനുഷ്ക ഗുണതിലകെ, കുശാല്‍ മെല്ഡിസ്, എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ലങ്കയ്ക്ക് ഏഴു വിക്കറ്റിന്റെ അനായാസ ജയമൊരുക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിജയം എട്ടു വിക്കറ്റിന്
വിജയിച്ചാല്‍ മാത്രം സെമിയില്‍ എന്ന അവസ്ഥയിലാണ് ടീം ഇന്ത്യ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അവിശ്വസനീയമാം വണ്ണം തകര്‍ന്നടിഞ്ഞു. 44.3 ഓവറില്‍ 191 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. രണ്ടു വിക്കറ്റ് വീതം നേടിയ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിലൊതുക്കിയത്. മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മയെ ഇന്ത്യക്കു വേഗം നഷ്ടമായെങ്കിലും ശിഖര്‍ ധവാനും (78) വിരാട് കോഹ്്ലിയും (76) ചേര്‍ന്ന് അനായാസം ഇന്ത്യയെ വിജയത്തിലെത്തിച്ചു.
128 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. എട്ടുവിക്കറ്റ് വിജയവുമായി ഇന്ത്യ സെമിയിലേക്ക്.
സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരേ വിജയം ഒമ്പതു വിക്കറ്റിന്
ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാമത്തെ സെമി ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് ഒമ്പതു വിക്കറ്റിനാണ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു.
തമിം ഇക്ബാലും മുഷ്ഫിക്കര്‍ റഹിമും ചേര്‍ന്ന് മികച്ച പ്രകടനം നടത്തി ബംഗ്ലാദേശിനെ കൂറ്റന്‍ സ്കോറിലെത്തിക്കുമെന്നു തോന്നിച്ചു. എന്നാല്‍, മധ്യനിര തകര്‍ന്നതോടെ കടുവകളുടെ ഇന്നിംഗ്സ് ഏഴിന് 264 എന്ന നിലയില്‍ അവസാനിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി ശിഖര്‍ ധവാനും രോഹിത് ശര്‍മയും തകര്‍ത്തു കളിച്ചു. 87 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം ധവാന് മടങ്ങിയെങ്കിലും രോഹിത് ശര്‍മയും (123*) വിരാട് കോഹ്്ലിയും (96*) ചേര്‍ന്ന് 59 പന്ത് ശേഷിക്കേ ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.
പാക്കിസ്ഥാന്
ആദ്യമത്സരത്തില്‍ ഇന്ത്യയോടു ദയനീയമായി പരാജയപ്പെട്ടെങ്കിലും മഴയുടെ കാരുണ്യത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ടാം മത്സരം വിജയിച്ചു. ലീഗിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെയും സെമിയില്‍ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തി പാക്കിസ്ഥാന് ഫൈനലിലെത്തി
ഇന്ത്യയോടു തോറ്റു
124 റണ്‍സിന്റെ ദയനീയ പരാജയവുമായാണ് പാക്കിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ തുടങ്ങിയത്.
ദക്ഷിണാഫ്രിക്കയെ 19 റണ്‍സിനു തോല്‍പ്പിച്ചു
ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച ബൗളിംഗ് പ്രകനമാണ് പാക്കിസ്ഥാന് നടത്തിയത്. അവരുടെ സ്കോര്‍ എട്ടിന് 219 റണ്‍സിലൊതുക്കാന്‍ പാക്കിസ്ഥാനായി. ആറിന് 118 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറാണ് (75) കരകയറ്റിയത്. മറുപടി ബാറ്റ് ചെയ്ത പാക്കിസ്ഥാന് 27-ാം ഓവറില്‍ മൂന്നിന് 119 എന്ന നിലയില്‍ നില്ക്കുമ്പോള് മഴയെത്തി. ഇതോടെ മഴനിമപ്രകാരം പാക്കിസ്ഥാന് 19 റണ്‍സിനു വിജയിച്ചു.
ലങ്കയെ മൂന്നു വിക്കറ്റിനു പരാജയപ്പെടുത്തി
ശ്രീലങ്കയ്ക്കെതിരേ ജയിച്ചാല്‍ സെമിയിലെത്തും എന്ന അവസ്ഥയില്‍ ലീഗിലെ ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങിയ പാക്കിസ്ഥാന് ശ്രീലങ്കയെ മൂന്നു വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.2 ഓവറില്‍ 236ന് എല്ലാവരും പുറത്തായി. നിരോഷന്‍ ഡിക്വെല്ല (76) മാത്രമാണ് ലങ്കയ്ക്കു വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ആറിന് 137 എന്ന നിലയില്‍ തകര്‍ന്നെങ്കിലും സര്‍ഫ്രാസും (61*) മുഹമ്മദ് ആമിറും (28*) സമര്‍ഥമായി ബാറ്റ് ചെയ്തപ്പോള്‍ വിജയം പാക്കിസ്ഥാനൊപ്പം നിന്നു.
സെമിയില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചു
ഒരു മത്സരത്തില്‍പ്പോലും പരാജയപ്പെടാതെ സെമിയിലെത്തിയ ടീമായിരുന്നു ഇംഗ്ലണ്ട്. ആ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിനു പരാജയപ്പെടുത്തി പാക്കിസ്ഥാന് കലാശപ്പോരിന് അര്‍ഹത നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ അവിശ്വസനീയമാം വണ്ണം 211 റണ്‍സിനു പുറത്തായി. ഹസന് അലി (മൂന്നിന് 35) റുമാന്‍ റായീസ് (രണ്ടിന് 44) ജുനൈദ് ഖാന് (രണ്ടിന് 42) എന്നിവരുടെ ഉജ്വല ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 37.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. അസ്ഹര്‍ അലിയും (76) ഫഖര്‍ സമനും (57) ചേര്‍ന്ന് പാക്കിസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചു.
ഫൈനലിലേക്കുള്ള വഴി
11:59 PM Jun 17, 2017 | Deepika.com