മാഡ്രിഡ്: പോര്‍ച്ചുഗീസിന്റെ റയല്‍ മാഡ്രിഡ് ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണോള്‍ഡോ ക്ലബ് വിടുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് റയല്‍ വിടാന്‍ റൊണാള്‍ഡോയെ പ്രേരിപ്പിക്കുന്നത്. സ്പാനിഷ് ദിനപത്രം മാര്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റയല്‍ പ്രസിഡന്റായ ഫ്ളെറെന്റിനോ പെരസിനെയും ക്ലബ് ഡയറക്ടര്‍ ഹൊസെ എയ്ഞ്ചല്‍ സാഞ്ചസിനെയും ക്ലബ് വിടുന്ന കാര്യം റൊണാള്‍ഡോ അറിയിച്ചുകഴിഞ്ഞതായും മാര്‍സ സ്ഥിരീകരിക്കുന്നു. ഇതോടെ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ ചൈനീസ് ക്ലബ്ബുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ യൂറോപ്പില്‍ തന്നെ തുടരാനാണ് താരത്തിന്റെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇങ്ങനെവന്നാല്‍ റൊണാള്‍ഡോയെ തിരിച്ചുകൊണ്ടുവരാന്‍ മുന്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമം നടത്തും. റയല്‍ താരത്തിനു മേല്‍ കഴിഞ്ഞ സീസണിലേ കണ്ണുണ്ടായിരുന്ന ഫ്രഞ്ച് ക്ലബ് പാരി സാന്‍ ഷെര്മയിനും റൊണാള്‍ഡോയ്ക്കായി രംഗത്തുണ്ട്. 2009ലാണ് പോര്‍ച്ചുഗീസ് താരം യുണൈറ്റഡില്‍നിന്ന് റയലിലെത്തിയത്.
റൊണാള്‍ഡോയുമായി കഴിഞ്ഞ നവംബറില്‍ റയല്‍ അഞ്ചു വര്‍ഷത്തേക്കു കരാര്‍ പുതുക്കിയിരുന്നു. അതെസമയം റയലുമായുളള റൊണാള്‍ഡോയുടെ പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാനും ക്ലബ് ശ്രമിക്കുന്നുണ്ട്. നികുതി വെട്ടിപ്പ് കേസില്‍ ക്ലബ്ബില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നതാണ് റൊണാള്‍ഡോയുടെ പരാതി. ഇത് പരിഹരിക്കാനാണ് റയലിന്റെ ശ്രമം. ആരോപണത്തില്‍ പോര്‍ച്ചുഗീസ് നായകന് ദുഃഖിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
റൊണാള്‍ഡോയ്ക്കെതിരേ 14.7 കോടി യൂറോയുടെ നികുതി വെട്ടിപ്പു കേസ് ആണ് ഇപ്പോള്‍ നിലവിലുളളത്. 2011-14 കാലയളവില്‍ നാലു കേസുകളിലായി റൊണാള്‍ഡോ ഇത്രയും തുക വെട്ടിച്ചെന്നാണു കേസ്. 2010ല്‍ രണ്ടു കമ്പനി മാതൃകകള്‍ക്കു രൂപം നല്കി വരുമാനം മറച്ചുവയ്ക്കാന്‍ റൊണാള്‍ഡോ ശ്രമിച്ചെന്നു മാഡ്രിഡിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.ഈ സീസണില്‍ റയലിനെ ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടുന്നതിന് റൊണാള്‍ഡോ സഹായിച്ചിരുന്നു.
റൊണാള്‍ഡോ റയല്‍ വിടുന്നു
12:23 AM Jun 17, 2017 | Deepika.com