ലണ്ടന്‍: ചാന്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ജയം. ന്യൂസിലന്‍ഡിനെ 45 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നായകന് വിരാട് കോഹ്ലി(52*) ഫോമിലേക്കു തിരികെ എത്തിയപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്(40) മികച്ച പിന്തുണ നല്കി.
ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 26 ഓവറില്‍ മൂന്നു വിക്കറ്റിന് 129 എന്ന നിലയില്‍നില്‍ക്കെ മഴയെത്തി. പിന്നീട് മഴയ്ക്കു ശമനമുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഭുവനേശ്വര്‍ കുമാറിന്റെയും മുഹമ്മദ് ഷാമിയുടെയും മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡിനെ ഇന്ത്യ 189ല്‍ ഒതുക്കിയത്. ഷാമിയും ഭുവനേശ്വറും മൂന്നു വിക്കറ്റ് വീതം നേടി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് വീഴ്ത്തി. ന്യൂസിലന്‍ഡിനായി ലൂക്ക് റോഞ്ചി(66), ജയിംസ് നീഷം(46*) എന്നിവര്‍ക്കു മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്.
സന്നാഹം: ഇന്ത്യക്കു ജയം
11:31 PM May 28, 2017 | Deepika.com