സീസണിലെ രണ്ടാം ഗ്രാന്സ്്ലാമിന്- ഫ്രഞ്ച് ഓപ്പണ്‍ ഇന്ന് പാരീസിലെ റൊളാംഗ് ഗാരോയില്‍ തുടക്കം. യോഗ്യതാ മത്സരങ്ങള്‍ ഇന്നലെ അവസാനിച്ചതോടെ ആദ്യഘട്ട മത്സരങ്ങള്‍ ഇന്നാരംഭിക്കും. കളിമണ്‍ കോര്‍ട്ടില്‍ കാളപ്പോര് തന്നെയാണ് ഇത്തവണയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കാരണം, ഫോമിലേക്കു തിരിച്ചെത്തിയ കാളപ്പോരിന്റെ നാട്ടുകാരന് റാഫേല്‍ നദാല്‍ തന്റെ 10-ാം ഫ്രഞ്ച് ഓപ്പണ്‍ തേടിയിറങ്ങുകയാണ്. നദാലിനു വെല്ലുവിളിയുയര്‍ത്തി നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചും ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെയുമുണ്ട്. കൗമാര താരങ്ങളായ അലക്സാണ്ടര്‍ സ്വെരേവും കീ നിഷികോരിയും ഡോമനിക് തൈമും ഉണ്ട്. ടെന്നീസ് ആരവം മുഴങ്ങുമ്പോള്‍ ടെന്നീസ് പ്രേമികള്‍ക്ക് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍ ഇത്തവണയും ഫ്രഞ്ച് ഓപ്പണ്‍ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. ജൂണ്‍ 11നാണ് ഫൈനല്‍.
ഫെഡററും സെറീനയും ഷറപ്പോവയും ഇല്ല
ഈ കാലഘട്ടത്തിലെതന്നെ ഏറ്റവും മികച്ച താരങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കളിക്കാരാണ് റോജര്‍ ഫെഡററും സെറീന വില്യസും. എന്നാല്‍, പരിക്ക് മൂലം റോജര്‍ ഫെഡറര്‍ നേരത്തെ തന്നെ ഫ്രഞ്ച് ഓപ്പണില്‍നിന്ന് പിന്മാറിയിരുന്നു. ഗര്‍ഭിണിയായതുകൊണ്ട് സെറീന വില്യസും കളിക്കില്ല. സീസണിലെ ആദ്യ ഗ്രാന്സ്്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇരുവരും കിരീടം നേടിയിരുന്നു.
നിരോധിച്ച മരുന്നുപയോഗിച്ചതിനെത്തുടര്ന്ന് വിലക്ക് നേരിട്ട മരിയ ഷറപ്പോവയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കാതിരിക്കുകയും ചെയ്തതോടുകൂടി റോളാംഗ് ഗാരോയിലേക്കുള്ള കാണികളുടെ ഒഴുക്കില്‍ കുറവുവരുമോ എന്ന ഭയം സംഘാടകര്‍ക്കും ഉണ്ട്.
റാഫേല്‍ നദാല്‍
ഏറ്റവും കൂടുതല്‍ തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള കളിക്കാരനാണ് റാഫേല്‍ നദാല്‍, ഒമ്പതു തവണ. മികച്ച ഫോമിലുള്ള കളിമണ്‍ കോര്‍ട്ടിലെ ഈ രാജകുമാരന് തന്നെയാണ് കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നത്. ഈ സീസണില്‍ കളിമണ്‍ കോര്‍ട്ടുകളില്‍ നടന്ന നാലു പ്രധാന മത്സരങ്ങളില്‍ മൂന്നിലും നദാലായിരുന്നു വിജയി. മോണ്ടി കാര്‍ലോയിലെ പത്താം കിരീടനേട്ടം ഇതില്‍ എടുത്തുപറയേണ്ടതാണ്. ഇപ്പോള്‍ റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള ഈ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് ഇത്തവണ കപ്പുയര്‍ത്താന്‍ കഴിഞ്ഞാല്‍ തന്റെ കരിയറിലെ പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടമാകും അത്. പരിക്ക് വില്ലനാകാതിരുന്നാല് ക്ലാസിക് കളി തന്നെ ഈ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തില്‍നിന്ന് പ്രതീക്ഷിക്കാം. ലോക റാങ്കിംഗില്‍ 45-ാം സ്ഥാനത്തുള്ള ബനോയിറ്റ് പ്രയറിയാണ് ഇന്നുച്ചയ്ക്കു നടക്കുന്ന ആദ്യ റൗണ്ടില്‍ നദാലിന്റെ എതിരാളി.
നൊവാക് ജോക്കോവിച്ച്
നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഈ വര്‍ഷം ഇതുവരെ പ്രധാന കിരീടങ്ങളൊന്നും നേടാന്‍ ഈ ലോക രണ്ടാം നമ്പര്‍ താരത്തിനായിട്ടില്ല. ടെന്നീസ് ഇതിഹാസം ആന്ദ്രേ ആഗസി പരിശീലകനായി എത്തിയതിനുശേഷമുള്ള ജോക്കോവിച്ചിന്റെ ആദ്യമത്സരമാണിത്. ലോക റാങ്കിംഗില്‍ 76-ാം സ്ഥാനത്തുള്ള മാര്‍ഷല്‍ ഗ്രാനോള്സുമായി ജോക്കോവിച്ച് ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും.
ആന്‍ഡി മുറേ
കഴിഞ്ഞ വര്‍ഷം കൈവിട്ടു പോയ കിരീടം തിരികെപ്പിടിക്കാനായിരിക്കും ഈ ബ്രിട്ടീഷ് താരം ശ്രമിക്കുക. എന്നാല്‍, ഓസ്ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടില്‍ പുറത്തായ മുറേയെ ഫോമില്ലായ്മയും പരിക്കും അലട്ടുന്നുണ്ട്. റഷ്യയുടെ ആന്ദ്രെ കുറ്റ്നെറ്റ്സോവാണ് ആദ്യ റൗണ്ടില്‍ മുറേയുടെ എതിരാളി.
അലക്സാണ്ടര്‍ സ്വരേവ്
എടിപി റാങ്കിംഗില്‍ ആദ്യപത്തില്‍ ഇടമുള്ള ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ജര്‍മന്‍കാരനായ ഈ ഇരുപതുവയസുകാരന്. ഈ വര്‍ഷത്തെ ഇറ്റാലിയന്‍ ഓപ്പണും മ്യൂണിക് ഓപ്പണും നേടിയ സ്വരേവ് ഇറ്റലിയില്‍ തോല്‍പ്പിച്ചത് നൊവാക് ജോക്കോവിച്ചിനെയായിരുന്നു.
ഭാവിയില്‍ ലോക ഒന്നാം നമ്പറാകുമെന്നു കരുതപ്പെടുന്നതാരമാണ്.
വനിതകളുടെ കാര്യത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ എല്ലാക്കാലത്തും സ്ഥിരമായ സൂചനകള്‍ തരാറില്ല. ഒരേ ഫോമിലായതിനാല്‍ വനിതകളുടെ വിഭാഗത്തില്‍ കിരീടത്തിനായി ശക്തമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. ആരാകും വിജയിയെന്ന്് പ്രവചിക്കുക അസാധ്യം.
ആഞ്ജലിക് കെര്‍ബര്‍
ഇപ്പോള്‍ ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും കളിമണ്‍ കോര്‍ട്ടിലെ കെര്‍ബറുടെ പ്രകടനം അത്ര മികച്ചതല്ല. പരിചയസമ്പന്നയായ എകതറീന മക്കറോവയെയാണ് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ നേരിടുന്നത്.
ഗാര്ബിന് മുഗുരുസ
കഴിഞ്ഞ വര്‍ഷത്തെ വനിതാ കിരീട ജേതാവാണ് മുഗുരുസ. ശക്തമായ ഗ്രൗണ്ട്സ്ട്രോക്സിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കാന്‍ ശേഷിയുള്ള ഈ 23 കാരിക്ക് ആദ്യ ഘട്ടത്തില്‍ ശക്തയായ ഫ്രാന്‍സെസ്ക ഷിയാവോണിയാണ് എതിരാളി. ഇറ്റാലിയന്‍ ഓപ്പണില്‍ കഴുത്തിനു പരിക്കേറ്റതിനെത്തുടര്‍ന്ന് മുഗുരുസ പിന്മാറിയിരുന്നു.
പെട്ര ക്വിറ്റോവ
വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിന്റെ കുത്തില്പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പെട്ര ക്വിറ്റോവയുടെ മടങ്ങിവരവിനു കൂടി ഇത്തവണ റൊളാംഗ് ഗാരോ വേദിയാകും. വനിതാ റാങ്കിംഗില്‍ 85-ാം സ്ഥാനത്തുള്ള യൂലിയ ബോസ്റപ് ആദ്യ റൗണ്ടില്‍ ക്വറ്റോവയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇടയില്ല.
ഇന്ത്യന്‍ സാന്നിധ്യം
ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ യുകി ഭാംബ്രിയും രാംകുമാര്‍ രാംനാഥും യോഗ്യതാ റൗണ്ടില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കും യോഗ്യത നേടാനായില്ല. ഡബിള്‍സില്‍ സാനിയയും ബൊപ്പണ്ണയും ഇറങ്ങും.
ആര്‍എംജെ
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കം
12:01 AM May 28, 2017 | Deepika.com