ബാഴ്സലോണ: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലെ എംഎസ്എൻ ത്രയം ഇല്ലാതാകുന്നു. ബാഴ്സയുടെ മുന്നേറ്റങ്ങളുടെ അമരക്കാരൻ ബ്രസീൽ താരം നെയ്മര്‍ ക്ലബ് വിടുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ആശങ്കയറിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി രംഗത്തെത്തിയതോടെയാണ് നെയ്മർ ബാഴ്സ വിടുന്നതായ അഭ്യൂഹങ്ങൾ ശക്തമായത്. നെയ്മർ പോയാൽ ബാഴ്സയുടെ മുന്നോട്ടുള്ള കുതിപ്പിനെ ത്തന്നെ അതു ബാധിക്കുമെന്നു മെസി പറയുന്നു.
നെയ്മറുടെ പിതാവാണ് താരത്തെ ബാഴ്സ വിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. ലയണല്‍ മെസി സൂപ്പര്‍ താരമായിരിക്കുന്ന ബാഴ്സയില്‍ തുടരുന്നിടത്തോളം കാലം ഭാവി ശുഭകരമായിരിക്കില്ലെന്നാണ് പിതാവിന്റെ വാദം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കു ചേക്കേറുമെന്ന സൂചനയാണ് നെയ്മറുടെ പിതാവ് നൽകുന്നത്.
ചാന്പ്യൻസ് ലീഗിൽ യോഗ്യത നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നെയ്മറിന് വേണ്ടി വമ്പന്‍ തുക മുടക്കാനും തയാറായേക്കും. ലോക റിക്കാർഡ് തുകയാണ് നെയ്മർക്ക് മുന്നിൽവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. യൂറോപ്പ ലീഗില്‍ ചാന്പ്യന്മാരായതോടെ ചാന്പ്യന്‍സ് ലീഗ് യോഗ്യത ലഭിച്ച യുണൈറ്റഡിന് സൂപ്പര്‍ താരങ്ങളെ സമീപിക്കാനുമുള്ള അവസരം കൈവന്നിട്ടുണ്ട്. ട്രാന്‍സ്ഫര്‍ വിപണിയില്‍ ചാന്പ്യന്‍സ് ലീഗ് യോഗ്യത നിര്‍ണായക മാണ്.
ബാഴ്സയ്ക്ക് വേണ്ടി 44 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളാണ് നെയ്മര്‍ ഈ സീസണില്‍ സ്വന്തമാക്കിയത്. പ്ലെയർ റേറ്റിംഗിംഗിൽ ഈ സീസണിൽ മെസിയുൾപ്പെടെയുള്ള താരങ്ങൾ നെയ്മർക്കു പിന്നിലാണ്.
നെയ്മർ ബാഴ്സ വിടുന്നു?
12:01 AM May 28, 2017 | Deepika.com