ഗോള്‍ഡ് കോസ്റ്റ് (ഓസ്ട്രേലിയ): സുദിര്‍മാന്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍നിന്ന് ഇന്ത്യ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയോട് 3-0ന് തോറ്റാണ് ഇന്ത്യ പുറത്തായത്.
മിക്സഡ് ഡബിള്‍സില്‍ സത്വിക്സായ്രാജ് റങ്കി റെഡ്ഡി-അശ്വിനി പൊന്നപ്പ, പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത്, പുരുഷ ഡബിള്‍സില്‍ സത്വിക്സായ്രാജ് റങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി എന്നിവര്‍ ആദ്യ മത്സരങ്ങളില്‍ തോറ്റതോടെ ചൈനയ്ക്കു 3-0ന്റെ ലീഡും സെമിയും ഉറപ്പിച്ചു. ഇതോടെ ഹെ ബിന്ജിയോയ്ക്കെതിരേയുള്ള പി.വി. സിന്ധുവിന്റെ സിംഗിള്‍സ് മത്സരവും വനിത ഡബിള്‍സില്‍ ബോ യിസിന്-ടാംഗ് ജിന്ഹ്വക്കെതിരേയുള്ള അശ്വിനി പൊന്നപ്പ-സികി റെഡ്ഡി മത്സരവും ഒഴിവാക്കി.
മിക്സഡ് ഡബിള്‍സില്‍ റങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം ലു കി-ഹുവാംഗ് യാക്വിയോംഗ് സഖ്യത്തോട് 16-21, 21-13, 21-16നു തോറ്റു. ആദ്യ ഗെയിമില്‍ റങ്കിറെഡ്ഡിയുടെ തകപ്പന്‍ സ്മാഷുകളുടെയും അശ്വിനിയുടെ പരിയചയസമ്പത്തും ചേര്‍ന്നപ്പോള്‍ ഗെയിം ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ അടുത്ത രണ്ടു ഗെയിമുകളില്‍ ഇന്ത്യന്‍ സഖ്യത്തെ ചൈനീസ് സഖ്യം അനായാസം കീഴടക്കി.
പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തിനെ ചെന്‍ ലോംഗ് 21-16, 21-17ന് കീഴടക്കി. മികച്ച സ്മാഷും നെറ്റിനു ചേര്‍ന്നുള്ള പ്രകടനം കൊണ്ടു ശ്രീകാന്ത് മികച്ചുനിന്നു. എന്നാല്‍ ചൈനീസ് താരം ശ്രീകാന്തിനെ കടത്തിവെട്ടുന്ന പ്രകടനം നടത്തി. പുരുഷ ഡബിള്‍സില്‍ പരിചയസമ്പത്ത് കുറഞ്ഞ റങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തെ ഫൂ ഹയ്ഫെംഗ്-ഹാംഗ് നാന് സഖ്യം 21-9, 21-11 തകര്‍ത്തു. സുദിര്‍മാന്‍ കപ്പില്‍ ആറു വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തുന്നത്.
സുദിര്‍മാന്‍ കപ്പ്: ഇന്ത്യ പുറത്ത്
11:57 PM May 26, 2017 | Deepika.com