കട്ടക്ക്: ഇന്ത്യന്‍ ഫുട്ബോളിലെ ക്ലബ്ബുകളുടെ പോരാട്ടമായ ഫെഡറേഷന് കപ്പിന്റെ കലാശപ്പോരാട്ടം ഇന്നു നടക്കും. ബംഗളൂരു എഫ്സിയും മോഹന്‍ബഗാനുമാണ് നേര്‍ക്കുനേര്‍. മത്സരം ഇന്നു രാത്രി ഏഴിനാണ്. ഐലീഗില്‍ ചാമ്പ്യന്മാരായി ഏവരുടെ പ്രശംസ ഏറ്റുവാങ്ങിയ വടക്കുകിഴക്കന്‍ ടീം ഐസോളിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് ബംഗളൂരു എഫ്സി കട്ടക്കില്‍ നടക്കുന്ന പോരാട്ടത്തിന് അര്‍ഹത നേടിയത്. പരമ്പരാഗത വൈരികളായ ഈസ്റ്റ്ബംഗാളിനെ കെട്ടുകെട്ടിച്ച് മോഹന്‍ബഗാനും അന്തിമ പോരാട്ടത്തിന് യോഗ്യരായി.
ശിവാജിയന്‍സിനെ 4-0നു പരാജയപ്പെടുത്തി ചാമ്പ്യന്‍ഷിപ്പില്‍ വരവറിയിച്ച ബഗാന് പിന്നീട് ഷില്ലോഗം ലജോംഗി 3-2നു തോല്‍പ്പിച്ചു. അതേസമയം, ബംഗളൂരു എഫ്സിയോട് സമനില വഴങ്ങി.
ബംഗളൂരു എഫ്സിയാകട്ടെ, വളരെ മോശം പ്രകടനത്തോടെയാണ് സെമിയിലെത്തിയത്. ആദ്യമത്സരത്തില്‍ ഷില്ലോംഗ് ലജോംഗിനോട് 3-2നു രക്ഷപ്പെട്ട ബംഗളൂരു ശിവാജിയന്സിനോടു തോറ്റു. എന്നാല്‍, സെമിയില്‍ ഐസോളിനെ പരാജയപ്പെടുത്തിയതോടെ കഴിഞ്ഞ വര്‍ഷത്തെ ഐലീഗ് ചാമ്പ്യന്മാര്ക്ക് ആശ്വാസമായി. മലയാളി താരം സി.കെ. വിനീത് ബംഗളൂരു എഫ്സി നിരയിലുണ്ടാകും. അതേസമയം പരിക്കേറ്റ സുനില്‍ ഛേത്രി ഇന്നു കളിക്കില്ല.
ഫെഡറേഷന് കപ്പ് ഫൈനലില്‍ ഇന്ന് ബഗാന്- ബംഗളൂരു പോര്
12:00 AM May 21, 2017 | Deepika.com