മുംബൈ: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. കോല്‍ക്കത്തയില്‍ നടക്കുന്ന ഫൈനല്‍ മത്സരം 48 രൂപയ്ക്കു കാണാനാകും. ആറു നഗരങ്ങള്‍ വേദിയാവുന്ന ലോകകപ്പിലെ ഗാലറി ടിക്കറ്റിന് വെറും 48 രൂപ മാത്രമാണുള്ളത്. മൂന്നു വ്യത്യസ്ത നിരക്കിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ഗാലറിക്കു പുറമെ, 96, 192 എന്നിവയാണ് ഉയര്‍ന്ന ക്ലാസ് വില. ടിക്കറ്റ് ആദ്യം സ്വന്തമാക്കുന്നവര്‍ക്ക് 60 ശതമാനം ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സെമിഫൈനല്‍, ഫൈനല്‍ ഉള്‍പ്പെടെ പ്രധാന മത്സരങ്ങളിലും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാവില്ലെന്ന് ഫിഫ ടൂര്‍ണമെന്റ് സംഘാടക സമിതി തലവന്‍ ഹാവിയര്‍ സെപ്പി അറിയിച്ചു. ഫിഫ വെബ്സൈറ്റ് വഴി ടിക്കറ്റ് വാങ്ങാം.
ആദ്യഘട്ടത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 10 മത്സരങ്ങള്‍ നടക്കുന്ന കോല്‍ക്കത്തയിലെ മത്സരങ്ങള്‍ ആകെ 480 രൂപ മുടക്കിയാല്‍ കാണാനാകും. ഇവ ഒന്നിച്ചു വാങ്ങണമെന്നു മാത്രം. കാറ്റഗറി ഒന്നിലാണ് ഈ ടിക്കറ്റ് പെടുത്തിയിരിക്കുന്നത്. കാറ്റഗറി രണ്ട്, മൂന്ന് ടിക്കറ്റുകള്‍ 960, 1920 രൂപയില്‍ കോല്‍ക്കത്തയില്‍ ഉണ്ടാകും. ജൂലൈ ഏഴിനു ശേഷം മാത്രമേ ഓരോ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍ക്കൂ. ആദ്യഘട്ടത്തില്‍ ടിക്കറ്റിന് 25 ശതമാനം ഡിസ്കൗണ്ട് ഉണ്ട്. ഈ ടിക്കറ്റുകള്‍ കൗണ്ടറുകള്‍ വഴി സ്വന്തമാക്കാനാകും.
ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ഇന്നു രാത്രി 19.11ന് കോല്‍ക്കത്തയില്‍ നടക്കും. 1911ല്‍ മോഹന്‍ ബഗാന് ക്ലബ് ഐഎഫ്എ ഷീല്‍ഡ് സ്വന്തമാക്കിയ ചരിത്രവിജയത്തിന്റെ സ്മരണയിലാണ് ആദ്യ ടിക്കറ്റ് വില്‍പ്പന. അന്നാണ് ഒരു ഇന്ത്യന്‍ ടീം ആദ്യമായി ഐഎഎഫ് ചാമ്പ്യന്മാരാകുന്നത്. ചടങ്ങിലെ മുഖ്യാതിഥി മുന്‍ സ്പാനിഷ് താരം കാര്‍ലോസ് പ്യുയോള്‍ ആണ്.
48 രൂപയ്ക്കു ഫൈനല്‍ കാണാം
11:47 PM May 15, 2017 | Deepika.com