ബര്‍ലിന്‍: വോള്‍ഫ്സ്ബര്‍ഗിനെതിരേ നേടിയ ഏകപക്ഷീയ വിജയം ബയേണ്‍ മ്യൂണിക്കിനെ തുടര്‍ച്ചയായി അഞ്ചാം വട്ടവും ബുണ്ടസ് ലീഗ ചാമ്പ്യന്മാരാക്കി. എതിരില്ലാത്ത ആറു ഗോളിനായിരുന്നു ബയേണിന്റെ വിജയം. ബയേണ്‍ 27-ാം തവണയാണ് ജര്‍മന്‍ ചാമ്പ്യന്മാരാകുന്നത്. 19-ാം മിനിറ്റില്‍ ഡേവിഡ് ആല്‍ബയാണ് ആദ്യ ഗോള്‍ നേടിയത്. 36, 45 മിനിറ്റുകളില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി വല ചലിപ്പിച്ചു. തുടര്‍ന്ന് ആര്യന് റോബന് (66), തോമസ് മ്യൂളര്‍ (80), ജോഷ്വ കിമ്മിച്ച് (85) എന്നിവരും ഗോളുകള്‍ നേടി.
ലീഗില്‍ 31 കളി പിന്നിടുമ്പോള്‍ 73 പോയിന്റുമായി ബയേണ്‍ ഒന്നാം നിരയില്‍തന്നെ. രണ്ടാമതുള്ള ലീപ്സിഗുമായി പത്ത് പോയിന്റ് വ്യത്യാസമാണ് ബയേണിനുള്ളത്. ലീപ്സിഗ്-ഇന്ഗോല്സ്റ്റഡറ്റ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ലീഗില്‍ മൂന്നു മത്സരം കൂടി ശേഷിക്കേ ബയേണ്‍ ഫോക്സ്വാഗണ് അരീനയില്‍ കിരീടം ഉറപ്പാക്കിയത്.
ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 57 പോയിന്റുമായി മൂന്നാമത്. ലീഗിന്റെ തുടക്കത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ബയേണിനെ വെല്ലുവിളിച്ച് ലീപ്സിഗ് മുന്നേറിയപ്പോള്‍ ഇടയ്ക്കു നിലവിലെ ചാമ്പ്യന്മാര്ക്ക് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു. എന്നാല്‍ വന്‍ തിരിച്ചുവരവിലൂടെ ബയേണ്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
ഇതുവരെ ബയേണ്‍ 79 ഗോളുകള്‍ നേടിയപ്പോള്‍ 17 ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. രണ്ട് മുതലുള്ള സ്ഥാനങ്ങള്‍ക്കായി മാത്രമാണ് ഇനി ലീഗ് തുടരുന്നത്. ചാമ്പ്യന്‍സ് ലീഗിലും, ജര്‍മന്‍ കപ്പിലും അടിപതറിയ ബയേണിനെ ബുണ്ടസ് ലീഗ ചാമ്പ്യന്മാരാക്കിയതില് പരിശീലകന് കാര്‍ലോ ആന്സിലോട്ടിക്കും അഭിമാനിക്കാം. കൂടാതെ യൂറോപ്പിലെ ടോപ് അഞ്ച് ലീഗിലെ നാലു ലീഗിലും ക്ലബ്ബുകളെ ചാമ്പ്യന്മാരാക്കിയ ആദ്യ പരിശീലകനെന്ന ഖ്യാതി ഇനി മുതല്‍ ആന്സിലോട്ടിക്കു സ്വന്തം.
ബയേണിനെ ചാമ്പ്യന്മാരാക്കുന്നതിനു മുമ്പ് ഇറ്റലിയില്‍ എസി മിലാന്, ഫ്രാന്‍സില്‍ പാരി സാന്‍ ഷെര്‍മയിന്‍, ഇംഗ്ലണ്ടില്‍ ചെല്‍സി ക്ലബ്ബുകളെ വിജയത്തിലെത്തിച്ച ചരിത്രവും ആന്സിലോട്ടിക്കുണ്ട്. 1963-64 തുടങ്ങിയ ബുണ്ടസ് ലിഗ സീസണുശേഷം ബയേണ്‍ 26 കിരീടം നേടി. മറ്റൊരു ക്ലബ്ബും തുടര്‍ച്ചയായി അഞ്ചു തവണ ചാമ്പ്യന്മാരായിട്ടില്ല. 1902-03 സീസണില്‍ തുടങ്ങിയ ജര്‍മന്‍ ലീഗിലെ ആകെ 27 കിരീടങ്ങള്‍ ബവേറിയന്‍ ക്ലബ് നേടിയെടുത്തു.
ജോസ് കുമ്പിളുവേലില്‍
ബയേണ്‍ ബുണ്ടസ് ലീഗ ചാമ്പ്യന്മാര്
11:38 PM Apr 30, 2017 | Deepika.com