ബര്‍ലിന്‍: സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ ബയേണിനു തോല്‍വി. ജര്‍മന്‍ ഫെഡറേഷന് കപ്പ് (ഡിഎഫ്ബി പൊക്കാല്‍) സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക് ബോറൂസിയ ഡോര്ട്ട്മുണ്ടിനോടു തോറ്റു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ബയേണിനെ ഡോര്‍ട്ട്മുണ്ട്് മുട്ടുകുത്തിച്ചത്.
സ്വന്തം തട്ടകത്തിലെ പരാജയം ബയേണിനു കനത്ത ആഘാതമായി. കഴിഞ്ഞ പ്രാവശ്യം ഡിഎഫ്ബി പൊക്കാല്‍ ഫൈനലില്‍ തോറ്റതിന്റെ കണക്കു തീര്‍ക്കാനും ഡോട്ട്മുണ്ടിനായി.
19-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റൊയസിലൂടെ ഡോര്‍ട്ട്മുണ്ട്് ലീഡു നേടി. ഗൊരേരോ ഇടംകാല്‍കൊണ്ട് വലയിലേക്കു തൊടുത്ത പന്ത് ഗോളി തട്ടിയകറ്റിയെങ്കിലും ബോക്സിനുള്ളില്‍ തന്നെ കിടന്നു കറങ്ങി. ഇതു കണ്ട് റൊയസ് പന്ത് തത്ക്ഷണം വലയിലാക്കി. എന്നാല്‍, 29-ാം മിനിറ്റില്‍ ബയേണ്‍ മര്ട്ടിനസിലൂടെ തിരിച്ചടിച്ച് ബയേണ്‍ സമനില പിടിച്ചു. സമനിലയില്‍ പരുങ്ങിയ ഡോര്‍ട്ട്മുണ്ടിനെ സമ്മര്‍ദത്തിലാക്കി 41ാം മിനിറ്റില്‍ ഹുമ്മല്‍സ് ബയേണിന്റെ രണ്ടാം ഗോള്‍ നേടി. വലതുഭാഗത്തുനിന്ന് ഫ്രാങ്ക് റിബറി നല്കിയ പാസ് സ്വീകരിച്ച പാസ് സാബി അലോണ്‍സോ ഹുമ്മല്‍സ് അനായാസം വലയിലാക്കിയപ്പോള്‍ ഗോളി ബുര്‍ക്കിക്ക് കാഴ്ചക്കാരനാവാനേ കഴിഞ്ഞുള്ളു.
രണ്ടാം പകുതിയില്‍ ഡോര്‍ട്ട്മുണ്ട് ഉജ്വല പ്രകടനമാണ് അവര്‍ പുറത്തെടുത്ത്. 69-ാം മിനിറ്റില്‍ ഔബമയാംഗിന്റെ ഹെഡര്‍ സമനിലയിലെത്തിച്ചത് മഞ്ഞപ്പടയുടെ ശൗര്യം വീണ്ടും കൂട്ടി. ഡെംമ്ലെ വലതുവശത്തുനിന്നു ഡ്രിബിള്‍ ചെയ്തുകൊടുത്ത പന്തില്‍ ഔബമയാംഗ് വലചലിപ്പിച്ചു.
അഞ്ചുമിനിറ്റുശേഷമുള്ള ഡോര്ട്ടുമുണ്ടിന്റെ ലീഡ് ഗോള്‍ ബയേണിന്റെ ചങ്കുതുളച്ചു. റൊയസ് - ഗൊരേരോ കൂട്ടുകെട്ടിന്റെ മുന്നേറ്റത്തിനൊടുവില്‍ പെനാല്‍റ്റി ഏരിയയില്‍ കടന്ന പന്തിനെ ലാം തടുക്കാന്‍ ശ്രമിച്ചതാണ് ബയേണിനു വിനയായത്. പതിനെട്ടുകാരനായ ഡെംലെയാകട്ടെ ലാമില്‍ നിന്നും വഴുതിപ്പോയ പന്ത് വകഞ്ഞുപിടിച്ച് വലംകാല്‍കൊണ്ടു ക്ലിയര്‍ ചെയ്ത് ഇടംകാലുകൊണ്ട് ഗോളിയുടെ തലയ്ക്കുമീതേ ഉയര്‍ത്തി അടിച്ചു, പന്ത് വലയില്‍.
ഇരുപാതികളിലും റോബര്‍ട്ടോ ലെവന്‍ഡോസ്കിയും ആര്യന് റോബനും ക്യാപ്റ്റന്‍ ഫിലിപ്പ് ലാമും അവസരം കളഞ്ഞുകുളിച്ചത് ബയേണിന്റെ പരാജയത്തിന്റെ കാരണമായി. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച ഫിലിപ്പ് ലാമിന്റെ അവസാനത്തെ ഡിഎഫ്ബി മത്സരമായിരുന്നു ഇത്.
മുമ്പ് നാലുതവണ ഡിഎഫ്ബി പൊക്കാല്‍ ഫൈനലില്‍ പോരാടിയിട്ടുള്ള ഡോര്‍ട്ട്മുണ്ട് ഒരുതവണ മാത്രമേ ചാമ്പ്യന്‍പട്ടം നേടിയിട്ടുള്ളൂ.മേയ് 20 ന് ബര്‍ലിനില്‍ നടക്കുന്ന ഫൈനലില്‍ ഡോര്‍ട്ടുമുണ്ട് ഐന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ടുമായി അങ്കംകുറി്ക്കും.
ജോസ് കുമ്പിളുവേലില്‍
ഡോര്‍ട്ട്മുണ്ട് ഫൈനലില്‍
12:25 AM Apr 28, 2017 | Deepika.com