ജിയാസിംഗ്: ഏഷ്യന്‍ അത്ലറ്റിക് സീസണു തുടക്കം കുറിച്ചുകൊണ്ടു നടക്കുന്ന ഗ്രാന്‍പ്രീയിലെ രണ്ടാം പാദം ഇന്ന്. ആദ്യപാദത്തിലെ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ചൈനയിലെ ജിയാസിംഗിലെത്തിയ ഇന്ത്യന്‍ അത്ലറ്റുകള് തയാറായിക്കഴിഞ്ഞു.
ജിന്‍ഹുവയില്‍ നടന്ന ആദ്യപാദത്തില്‍ ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകളാണ് ഇന്ത്യന്‍ അത്ലറ്റുകള് നേടിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രകടനം വനിതകളുടെ ഷോട്ട്പുട്ടില്‍ ദേശീയ റിക്കാര്‍ഡ് മറികടന്നുകൊണ്ട് മന്‍പ്രീത് കൗര്‍ നടത്തിയതാണ്. 18.86 മീറ്റര്‍ കണ്ടെത്തിയ മന്‍പ്രീതിന്റെ പ്രകടനം ഈ സീസണില്‍ ലോകത്തെ ഏറ്റവും മികച്ചതാണ്.
എന്നാല്‍, ആദ്യപാദത്തില്‍ സ്വര്‍ണം പ്രതീക്ഷിച്ച മലയാളി താരങ്ങളായ ടിന്റു ലൂക്കയ്ക്കും ജിന്സണ് ജോണ്‍സണും വെള്ളിയാണു ലഭിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത ജിന്സണ് നേരിയ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. ഇരുവരും ഇന്ന് രണ്ടാം പാദത്തിനിറങ്ങുമ്പോള്‍ നിറഞ്ഞ പ്രതീക്ഷയിലാണ്. മലയാളികള്‍ക്ക് അഭിമാനമായി ലോംഗ് ജംപില്‍ വെള്ളി നേടിയ വി. നീനയും ആ പ്രകടനം സ്വര്ണമാക്കാനായി ഇന്നിറങ്ങും.
ഇന്ത്യയുടെ ഭാവി താരമെന്ന് ഏറെപ്പേര്‍ വിലയിരുത്തുന്ന നീരജ് ചോപ്ര മികച്ച ഫോമില്‍ത്തന്നെ തുടങ്ങിക്കഴിഞ്ഞു. ആദ്യപാദത്തില്‍ ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ നീരജ് രണ്ടാം പാദത്തില്‍ കൂടുതല്‍ മികവിലേക്കുയരാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുടെ സ്പ്രിന്റ് റാണി ദ്യുതി ചന്ദിന് ആദ്യപാദത്തില്‍ വെങ്കലം മാത്രമാണ് ലഭിച്ചത്. അമേരിക്കയില്‍ പരിശീലനം നടത്തുന്ന ദ്യുതിയില്നിന്ന് കൂടുതല്‍ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നൂറു മീറ്ററില്‍ മലയാളിയായ റീന ജോര്‍ജും ഹൈജംപില്‍ ജിനു മറിയയും മത്സരിക്കും. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ പുതിയ താരോദയം രാകേഷ് ബാബുവും ജാവലിനില്‍ രവീന്ദര്‍ സിംഗും ഇന്നു മാറ്റുരയ്ക്കും.
ചൈനീസ് തായ്പേയില്‍ 30നാണ് ഏഷ്യന്‍ ഗ്രാന്‍പ്രീ മൂന്നാം പാദം. ജൂലൈ ആദ്യവാരം നടക്കുന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനൊരുങ്ങുന്ന ഇന്ത്യക്ക് ഇവിടെ തിളങ്ങിയേ തീരൂ. ജൂലൈ ആറു മുതല്‍ ഭുവനേശ്വറിലാണ് ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പോരാട്ടങ്ങള്‍.
ഏഷ്യന്‍ ഗ്രാന്‍പ്രീ രണ്ടാം പാദം ഇന്ന്
12:24 AM Apr 27, 2017 | Deepika.com