ന്യൂഡല്‍ഹി: മേയ് 20 മുതല്‍ 23 വരെ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ടു മലയാളികള്‍ മാത്രം. പോള്‍വോള്‍ട്ടില്‍ ദേശീയ റിക്കാര്‍ഡിനൊപ്പമെത്തിയ പ്രകടനം കാഴ്ചവച്ച നിവ്യ ആന്റണിയും 800 മീറ്ററില്‍ സ്വര്‍ണം നേടിയ അഭിഷേക് മാത്യുവുമാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളികള്‍. 37 അംഗ ടീമിനെയാണ് ഇന്ത്യ അയയ്ക്കുന്നതെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. ഇതില്‍ 24 പുരുഷന്മാരും 13 വനിതകളുമുണ്ട്.
ഇവര്‍ക്കുള്ള പരിശീലനം പട്യാലയിലെ സായി കേന്ദ്രത്തില്‍ നടക്കും. പുരുഷന്മാരുടെ 100 മീറ്ററില്‍ പഞ്ചാബില്‍നിന്നുള്ള ഗുരീന്ദര്‍ വിര്സിംഗ് മത്സരിക്കും. ഹൈദരാബാദില്‍ നടന്ന ദേശീയ മീറ്റില്‍ ഓവറോള്‍ കിരീടം ചൂടിയ ഹരിയാനയില്‍നിന്നുള്ള താരങ്ങളാണ് ടീമില്‍ ഇടം നേടിയവരിലധികവും. ഏഴു പുരുഷതാരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍, വനിതാ വിഭാഗത്തില്‍ ഹരിയാനയില്‍നിന്ന് ആരുമില്ല.
നിവ്യയും അഭിഷേകും ഇന്ത്യന്‍ ടീമില്‍
12:23 AM Apr 26, 2017 | Deepika.com