ഹൈദരാബാദ്: പതിന്നാലാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം കേരളത്തിന് രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും.
വനിതകളുടെ ഹൈജംപില്‍ എറണാകുളം നവദര്‍ശന്‍ സ്പോര്‍ട്സ് അക്കാഡമിയിലെ ഗായത്രി ശിവകുമാരാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഉയരം 1.66 മീറ്റര്‍. ഹർഡിൽസിൽ കേരളത്തിന്റെ അപര്‍ണ റോയി സ്വർണം സ്വന്തമാക്കി. 14.30 സെക്കന്‍ഡിലാണ് പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാഡമിയിലെ അപര്‍ണ 100 മീറ്റർ ഹർഡിൽസിൽ സ്വര്‍ണം നേടിയത്.
1500 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരം സായിയിലെ മിന്നു പി. റോയിയാണ് കേരളത്തിനു വെള്ളി സമ്മാനിച്ച ഒരു താരം. സമയം നാലു മിനിറ്റ് 50.87 സെക്കന്‍ഡ്. ഈയിനത്തില്‍ ഹരിയാനയിലെ മധുവിനാണ് സ്വര്‍ണം. വനിതകളുടെ 400 മീറ്ററില്‍ ഉഷാ സ്കൂളിലെ കെ.ടി. ആദിത്യ (57.34 സെക്കന്‍ഡ്) വെള്ളി നേടി. ആന്ധ്രയുടെ ജ്യോതികയാണ് സ്വര്‍ണം നേടിയത്. വനിതകളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ മാത്തൂര്‍ സ്കൂള്‍ പാലക്കാടിലെ ദിവ്യയും ഡക്കാത്തലണില്‍ തിരുവനന്തപുരം ജിവി രാജയിലെ അര്‍ജും വെങ്കലം നേടി.
രണ്ടു ദിനം പൂര്‍ത്തിയാകുമ്പോള്‍ 130 പോയിന്റുമായി ഹരിയാന എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. 62 പോയിന്റുള്ള കേരളം രണ്ടാമതാണ്.
കേരളത്തിനു രണ്ടു സ്വര്‍ണം
11:59 PM Apr 22, 2017 | Deepika.com