മുംബൈ: 352 യാത്രക്കാരുമായി ആംസ്റ്റർഡാമിൽനിന്ന് ടോറന്റോയിലേക്കു പുറപ്പെട്ട വിമാനം വാല് നിലത്തിടിച്ചതിനെത്തുടർന്ന് തിരിച്ചിറക്കി. 337 യാത്രക്കാരും 15 വിമാന ജീവനക്കാരുമാണ് ജെറ്റ് എയർവേസിന്റെ 777-300 ഇആർ വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയർന്നെങ്കിലും വിമാനത്തിന്റെ വാല് നിലത്തിടിച്ചതായി പൈലറ്റിനു സംശയം തോന്നിയതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. തിരിച്ചിറക്കിയ വിമാനം സാങ്കേതിക വിഭാഗം പരിശോധിച്ചുവരികയാണെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നതായും ജെറ്റ് എയർവേസ് പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ജനുവരി മാസത്തിൽ മുംബൈയിൽനിന്ന് ധാക്കയിലേക്കു പറന്ന ജെറ്റ് എയർവെയ്സ് വിമാനത്തിന്റെ വാല് ലാൻഡിംഗിനിടെ നിലത്ത് ഇടിച്ചിരുന്നു.