ലെസ്റ്റര്‍ സിറ്റി: കിംഗ് പവര്‍ സ്റ്റേഡിയത്തിന് ഒരിക്കല്‍ക്കൂടി സന്തോഷം നല്കാന് ലെസ്റ്റര്‍ സിറ്റിക്കായില്ല. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമിയില്‍ പ്രവേശിക്കാമെന്ന ലെസ്റ്റര്‍ സിറ്റിയുടെ മോഹങ്ങള്‍ അത്ലറ്റിക്കോ മാഡ്രിഡ് തല്ലിക്കെടുത്തി.
ആദ്യപാദത്തിലെ 0-1ന്റെ കുറവുമായി സ്വന്തം മൈതാനത്ത് ക്വാര്‍ട്ടറിലെ രണ്ടാം പാദത്തിനിറങ്ങിയ ലെസ്റ്റര്‍ 1-1നു സമനില പിടിച്ചു. എന്നാല്‍, ആ സമനിലയ്ക്ക് ലെസ്റ്ററിനെ സെമിയിലേക്ക് ആനയിക്കാനായില്ല. എവേ മത്സരത്തിലെ മികവില്‍ 2-1ന്റെ അഗ്രഗേറ്റില്‍ ഡിയേഗോ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് സെമിയില്‍.
പരുക്കന്‍ അടവുകളിലൂടെ വിപരീത ഫുട്ബോളിന്റെ തന്ത്രങ്ങളുമായിറങ്ങിയ അത്ലറ്റിക്കോ മാഡ്രിഡ് 26-ാം മിനിറ്റില്‍ത്തന്നെ മുന്നിലെത്തി. സാവുള് നിഗെസായിരുന്നു സ്കോറര്‍. എന്നാല്‍, 61-ാം മിനിറ്റില്‍ ജാമി വാര്‍ഡിയുടെ ഗോളിലൂടെ ലെസ്റ്റര്‍ സമനില കണ്ടെത്തി. ഉള്ള വിഭവങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി വിജയത്തിനായി പോരാടിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ ലെസ്റ്ററിന്റെ കുതിപ്പ് ക്വാര്‍ട്ടറില്‍ അവസാനിച്ചു. മത്സരത്തില്‍ നിരവധി തവണ ജാമി വാര്‍ഡിയുടെ സംഘവും അത്ലറ്റിക്കോ ഗോള്‍ കീപ്പറെ പരീക്ഷിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല.
അത്ലറ്റിക്കോ മാഡ്രിഡും സെമിയില്‍
12:28 AM Apr 20, 2017 | Deepika.com