ലെസ്റ്റര്‍ സിറ്റി: ചാമ്പ്യന്‍സ് ലീഗിന്റെ പടിവാതില്ക്കല് കയറാന്‍ കൊതിച്ചിരുന്ന കാലമുണ്ടായിരുന്നു ലെസ്റ്റര്‍ സിറ്റിക്ക്. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത നേടിയ ലെസ്റ്റര്‍ സിറ്റി ആദ്യതവണ തന്നെ ക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നു. രണ്ടാംപാദ ക്വാർട്ടറില്‍ സ്വന്തം മൈതാനമായ കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക്കോ മാഡ്രിഡുമായി കൊമ്പുകോര്‍ക്കാനൊരുങ്ങുമ്പോള്‍ തങ്ങളുടെ അക്കൗണ്ടില്‍ ഒരു ഗോളിന്റെ കുറവുണ്ട്.
മാഡ്രിഡില്‍ നടന്ന ആദ്യപാദത്തില്‍ അന്റോണിയോ ഗ്രീസ്മാന് നേടിയ പെനാല്‍റ്റി ഗോളിന്റെ ആനുകൂല്യവുമായാണ് ഡിയേഗോ സിമിയോണി ഒരുക്കിയ അത്ലറ്റിക്കോ മാഡ്രിഡ് ലെസ്റ്ററിലെത്തിയിരിക്കുന്നത്. ഇവിടെ കുറഞ്ഞത് 2-0ന് വിജയിക്കാനായാല്‍ അതു ചരിത്രസമ്മാനമാകും ലെസ്റ്ററിന്. ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടക്കുന്ന ടീമായി മാറാന്‍ ലെസ്റ്ററിനാകും.
അതേസമയം, സ്വന്തം മൈതാനത്തെ ഒരു ഗോള്‍ ജയം ഒട്ടും ആശ്വാസം പകരുന്ന കാര്യമായി അത്ലറ്റിക്കോ കാണുന്നില്ല. റഫറിയുടെ ദാനമായി കിട്ടിയ പെനാല്‍റ്റിയായിരുന്നു അതെന്ന് വീഡിയോ റീപ്ലേകളില്‍ വ്യക്തമായിരുന്നു.
സംഭവിച്ചതു സംഭവിച്ചു, ഞങ്ങള്‍ പൊരുതാനുറച്ചുതന്നെയാണ്, വിജയിക്കുകയാണ് ലക്ഷ്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലഭിച്ച തങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗിലും വിജയിക്കാനാകും- ലെസ്റ്ററിന്റെ പരിശീലകന് ക്രെയ്ഗ് ഷേക്സ്പിയര് പറയുന്നു.
കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്ലൗഡിയോ റനിയേരിയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ ലെസ്റ്റര്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു.. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ കൈവിട്ടു. ഒരുഘട്ടത്തില്‍ പുറത്താക്കല്‍ ഭീഷണി പോലും അതിജീവിക്കേണ്ടി വന്നു. റനിയേരിയെ മാറ്റി ഷേക്സ്പിയറെ കൊണ്ടുവന്നു. വിജയം ലെസ്റ്ററെ തേടിയെത്തി. അതാവര്‍ത്തിക്കാന്‍ സര്‍വ സന്നാഹവുമൊരുക്കിയാണ് ലെസ്റ്റര്‍ അത്ലറ്റിക്കോയെ കാത്തിരിക്കുന്നത്.
അത്ലറ്റിക്കോയെ മെരുക്കാന്‍ ക്രിസ്റ്റ്യന്‍ ഫുക്സ് എന്ന രഹസ്യായുധം പരീക്ഷിക്കാനൊരുങ്ങുകയാണ് അവര്‍. സെറ്റ്പീസുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള കഴിവാണ് ഫുക്സിന്റെ പ്രത്യേകത. കോര്ണറുകളിലെയും ത്രോകളിലെയും കൃത്യതയും വേഗവും അവരെയും അദ്ഭുതപ്പെടുത്തുന്നതാണെന്ന് സഹതാരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോംഗ് ത്രോകളിലൂടെ എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ ഫുക്സ് പ്രത്യേകം ശ്രദ്ധിക്കുന്നു.
അത്ലറ്റിക്കോയും വളരെ കരുതിയാണ് വന്നിരിക്കുന്നത്. നേടിയ ലീഡില്‍ കടിച്ചുതൂങ്ങാനല്ല, മികച്ച വിജയം സ്വന്തമാക്കാനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് പരിശീലകന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യപാദത്തിലെ പോരായ്മകള്‍ നികത്തി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സിമിയോണി പറഞ്ഞു.
രഹസ്യായുധവുമായി ലെസ്റ്റര്‍
12:28 AM Apr 18, 2017 | Deepika.com