പറവൂർ: പറവൂരിൽ നാളെ ആരംഭിക്കുന്ന ദേശീയ ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമും എത്തി. ഞായറാഴ്ച ചണ്ഡിഗഡും ഇന്നലെ മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകളും എത്തി. ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി ടി.ആർ.ബിന്നി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിൽ, കെ.എൻ.രാജീവ്, വി.വി.ഗിരീഷ്, മനോജ്കുമാർ തുടങ്ങിയവർ റെയിൽവേസ്റ്റേഷനിൽ ടീമുകളെ വരവേറ്റ് പ്രത്യേക ബസിൽ പറവൂരിലെത്തിച്ചു.
ടീമുകളെ സഹായിക്കാനായി ആലുവ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക കൗണ്ടർ തുറന്നിരുന്നു. പുല്ലംകുളം എസ്എൻഎച്ച്എസ്എസ്, നന്ത്യാട്ടുകുന്നം എസ്എൻവിഎച്ച്എസ്, സമൂഹം എച്ച്എസ്, മരിയ തെരേസ സ്ക്രില്ലി പബ്ലിക് സ്കൂൾ, ഇൻഫന്റ് ജീസസ് സീനിയർ സെക്കൻഡറി സ്കൂൾ, ഗവ. ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
നാളെ മുതൽ 25 വരെയാണ് മത്സരങ്ങൾ. ഗവ.എച്ച്എസ്എസ് മൈതാനമാണ് മുഖ്യവേദി. ഇവിടെ 7000 പേർക്ക് ഇരിക്കാവുന്ന ഗാലറി നിർമാണം പൂർത്തിയാകാറായി. ഫ്ളഡ്ലിറ്റ് സ്റ്റേഡിയമാണ്. നന്ത്യാട്ടുകുന്നം എസ്എൻവിഎച്ച്എസ്എസിലാണ് രണ്ടാംവേദി. ആദ്യ മൂന്നു ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ 11 വരെയും വൈകുന്നേരം മൂന്നു മുതൽ 11 വരെയും മത്സരങ്ങൾ നടക്കും. 22-ന് തുടങ്ങുന്ന ക്വാർട്ടർഫൈനൽ മുതൽ വൈകിട്ട് അഞ്ചു മുതൽ മുഖ്യവേദിയിൽ മാത്രമായിരിക്കും മത്സരം. ജൂണിയർ ചാന്പ്യൻഷിപ്പിൽ 18 വയസ് താഴെയുള്ളവരാണ് പങ്കെടുക്കുന്നത്.
ആണ്‍കുട്ടികളുടെ 23 ടീമുകളും പെണ്‍കുട്ടികളുടെ 20 ടീമുകളും പങ്കെടുക്കും. 19-ന് ഉച്ചയ്ക്ക് രണ്ടിന് കച്ചേരി മൈതാനിയിൽനിന്ന് ഘോഷയാത്ര നടക്കും. വൈകിട്ട് ഏഴിന് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. വി.ഡി.സതീശൻ എംഎൽഎ അധ്യക്ഷത വഹിക്കും. എസ്.ശർമ എംഎൽഎ മുഖ്യാതിഥിയാകും. 23-ന് ദേശീയ സീനിയർ വോളി ചാന്പ്യൻഷിപ്പ് നേടിയ കേരള പുരുഷ ടീമിനെ അനുമോദിക്കും.
വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ, ജില്ലാ വോളിബോൾ അസോസിയേഷൻ, പറവൂരിലെ കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും സംഘടനയായ പറവൂർ സ്പോർട്സ് അസോസിയേഷൻ എന്നിവർ ചേർന്നാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
ദേശീയ ജൂണിയർ വോളി: ടീമുകൾ എത്തി
12:28 AM Apr 18, 2017 | Deepika.com