സിസ്റ്റർ ജസീന്തയുടെ സംസ്കാരം ഇന്ന്
11:20 PM Apr 17, 2017 | Deepika.com
കോതമംഗലം: വിദ്യാഭ്യാസ രംഗത്ത് കോതമംഗലത്തെ നിറസാന്നിധ്യമായിരുന്ന സിസ്റ്റർ ജസീന്ത സിഎംസിയുടെ സംസ്കാരം ഇന്ന് രണ്ടിന് കോഴിപ്പിള്ളി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടക്കും . കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ 1960 മുതൽ അധ്യാപികയായും 1975 മുതൽ 15 വർഷം പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ച സിസ്റ്റർ സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു. മികച്ച അധ്യാപികയ്ക്കുളള അംഗീകാരമായി 1983-ൽ സംസ്ഥാന അവാർഡും 1989-ൽ ദേശീയ അവാർഡും ലഭിച്ചു. ശിഷ്യസമൂഹത്തിന്റെയും സഹപ്രവർത്തകരുടെയും രക്ഷാകർത്താക്കളുടെയും, നാട്ടുകാരുടെയും സ്നേഹാദരവുകൾ എക്കാലവും ഏറ്റുവാങ്ങിയിരുന്നു. വിവിധ രംഗങ്ങളിൽ സിസ്റ്റർ നടത്തിയ പ്രേഷിത ശുശ്രൂഷകൾ നാടിന്റെ പുണ്യമായിരുന്നു. 1990 ൽ വിദ്യാഭ്യാസ മേഖലയിൽ നിന്നു പിൻവാങ്ങിയ ശേഷം ഗുജറാത്ത് മിഷന്റെ നേതൃത്വം ഏറ്റെടുത്തു. എറണാകുളം-അങ്കമാലി അതിരൂപതയിൽ ചെന്പന്നൂർ പടയാട്ടി ജോസഫ്-റോസമ്മ ദന്പതികളുടെ മകളായി 1933-ൽ ജനിച്ച സിസ്റ്റർ ജസീന്തയുടെ വിദ്യാഭ്യാസം കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിലായിരുന്നു. രണ്ടുവട്ടം കോതമംഗലം പാവനാത്മ പ്രൊവിൻസിന്റെ നേതൃനിരയിലും വിവിധ ഭവനങ്ങളുടെ സുപ്പീരിയറായും സേവനം ചെയ്തു. എല്ലാക്കാലത്തും പാവങ്ങളുടെ പക്ഷത്തു നിൽക്കാനും അവരുടെ വളർച്ചയ്ക്കായി സമയവും ആരോഗ്യവും കഴിവുകളും വിനിയോഗിക്കാനും സിസ്റ്ററിന് സാധിച്ചു.