+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നിലപാടിൽ മാറ്റമില്ല'; സെന്തിൽ ബാലാജി കേസ് പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

ചെന്നൈ: ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ കേസ് പരിഗണിക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി പിന്മാറി. മന്ത്രിക്ക് അനുകൂലമായി നേരത്തേ വിധി പറഞ്ഞ ഡിവിഷൻ ബെഞ്ചിലെ ജഡ്ജി നിഷ ബാനു
ചെന്നൈ: ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ കേസ് പരിഗണിക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി പിന്മാറി. മന്ത്രിക്ക് അനുകൂലമായി നേരത്തേ വിധി പറഞ്ഞ ഡിവിഷൻ ബെഞ്ചിലെ ജഡ്ജി നിഷ ബാനു ആണ് പിന്മാറിയത്.

ഇഡി കസ്റ്റഡി എത്ര ദിവസം എന്നതിൽ വാദം തുടങ്ങും മുമ്പാണ് ജഡ്ജി പിന്മാറിയത്. സോളിസിറ്റർ ജനറൽ നിർബന്ധിച്ചെങ്കിലും തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് ജസ്റ്റീസ് നിഷ ബാനു അറിയിച്ചു.

നേരത്തേ, സെന്തിൽ ബാലാജിയുടെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ ഹൈക്കോടതി ജഡ്ജിമാർക്കിടയിൽ ഭിന്നവിധിയാണ് ഉണ്ടായത്. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന ഭാര്യ മേഘലയുടെ വാദം അംഗീകരിച്ച് മന്ത്രിയെ വിട്ടയയ്ക്കാമെന്ന് ജസ്റ്റീസ് നിഷ ബാനു നിലപാടെടുത്തിരുന്നു.

എന്നാൽ അറസ്റ്റ് നിയമവിധേയമെന്നും ഹർജി നിലനിൽക്കുന്നതല്ലെന്നും ആണ് ജസ്റ്റീസ് ഭരത് ചക്രവർത്തിയുടെ ഉത്തരവുണ്ടായത്. ഇതോടെ കേസ് വിശാല ബെഞ്ചിലെ മൂന്നാമത്തെ ജഡ്ജി ജസ്റ്റീസ് സി.വി. കാർത്തികേയന് വിട്ടു.

ഹർജി പരിഗണിച്ച ജസ്റ്റീസ് കാർത്തികേയൻ ജസ്റ്റീസ് ചക്രവർത്തിയുടെ വിധിയോട് യോജിക്കുകയും കസ്റ്റഡി ദിവസം കണക്കാക്കുന്നത് ഡിവിഷൻ ബെഞ്ചിന് തന്നെ തീരുമാനിക്കാമെന്നും അറിയിച്ചു.

ഹർജി ഇന്ന് ഡിവിഷൻ ബെഞ്ചിൽ വന്നപ്പോഴാണ് ജസ്റ്റീസ് ബാനു പിന്മാറുന്നതായി അറിയിച്ചത്. "ഞാനും ജസ്റ്റീസ് ചക്രവർത്തിയും തമ്മിൽ ഒരു ഭിന്നിപ്പുണ്ടായി. 2023 ജൂലൈ നാലിലെ എന്‍റെ വിധി ന്യായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു'- ജസ്റ്റീസ് നിഷ ബാനു പറഞ്ഞു.
More in Latest News :