എരുമേലി: ഇന്നലെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എരുമേലിയിലെങ്ങും പ്രകടനമോ വഴിതടയലോ ഉണ്ടായില്ല. നേതാക്കളൊക്കെ നിരത്തിലിറങ്ങിയെങ്കിലും പ്രവര്‍ത്തകരുമായി കടകളടപ്പിക്കാനും വാഹനങ്ങള്‍ തടയാനുമെത്തിയില്ല. ഹര്‍ത്താലിന്റെ ഭാഗമായി വഴിതടയലോ സംഘര്‍ഷമോ ഉണ്ടായാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രതികളാക്കി കേസെടുക്കുമെന്ന് കോണ്‍ഗ്രസ്, ബിജെപി കക്ഷികളിലെ പ്രാദേശിക നേതാക്കള്‍ക്ക് മുന്നറിയിപ്പായി കഴിഞ്ഞ ദിവസം രാത്രിയില്‍ പോലിസ് നോട്ടീസ് നല്‍കിയിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ നോട്ടിസ് ലഭിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഭരണകക്ഷിക്കാര്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ നോട്ടീസും നിയമനടപടികളും സ്വീകരിക്കുമോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. ഹര്‍ത്താലിനെതിരേ ഹൈക്കാടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് നോട്ടീസെന്നും സംസ്ഥാനവ്യാപകമായി നല്‍കുന്നുണ്ടെന്നും പോലിസ് വ്യക്തമാക്കി. പൊതുജനങ്ങളെ തടയുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ ചെയ്യുന്നവര്‍ മാത്രമല്ല നേതൃത്വം നല്കുന്ന സംഘടനകളുടെ പ്രതിനിധികളെയും നിയമനടപടികള്‍ക്ക് വിധേയരാക്കുമെന്ന് പോലീസ് അറിയിച്ചു.