ലീസ്റ്റര്‍ സിറ്റി: മാളികമുകളേറിയ റെനിയേരിയുടെ തോളില്‍ മാറാപ്പു കേറ്റി ക്ലബ് അധികൃതര്‍. കഴിഞ്ഞ സീസണില്‍ പൂച്ചെണ്ടുനല്‍കി സ്വീകരിച്ച പരിശീലകന് ക്ലൗഡിയോ റെനിയേരിയെ തത് സ്ഥാനത്തുനിന്ന് ലീസ്റ്റര്‍ സിറ്റി മാനേജ്മെന്റ് നീക്കി. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം ലീസ്റ്ററിലെത്തിച്ച പരിശീലകനായിരുന്നു റെനിയേരി. എന്നാല്‍, ഇത്തവണ റെനിയേരിയുടെയും ലീസ്റ്ററിന്റെയും കാര്യങ്ങള്‍ അത്ര പന്തിയല്ല. പ്രീമിയര്‍ ലീഗില്‍നിന്നു പുറത്താക്കല്‍ ഭീഷണിയിലാണ് ലീസ്റ്റര്‍ ഇപ്പോള്‍. ഇത്തവണ മുന്നിലെത്താന്‍ 5000ല്‍ ഒരു സാധ്യതപോലും ആരും ലീസ്റ്ററിനു കല്പിക്കുന്നില്ല. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ആദ്യപാദത്തില്‍ സെവിയ്യയോട് പരാജയപ്പെട്ടതും റെനിയേരിയെ പുറത്താക്കാന്‍ കാരണമായി. 2015ലാണ് റെനിയേരി ലീസ്റ്ററിന്റെ മാനേജരായി എത്തുന്നത്. 133 വര്‍ഷത്തെ ക്ലബ് ചരിത്രത്തില്‍ ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാനും ലീസ്റ്ററിനായി. 2017 സീസണില്‍ 25 മത്സരങ്ങള്‍ കളിച്ച അവര്‍ക്കു വിജയിക്കാനായത് കേവലം അഞ്ചില്‍ മാത്രമാണ്. എഫ്എ കപ്പില്‍ മൂന്നാം നിര ക്ലബ്ബുമായി തോറ്റതു വലിയ നാണക്കേടുമുണ്ടാക്കി.
എന്നാല്‍, വളരെ വിഷമത്തോടെയാണ് റെനിയേരിയെ ഒഴിവാക്കുന്നതെന്ന് ക്ലബ്ബിന്റെ വൈസ് ചെയര്മാന് അയാവാട്ട് ശ്രീവദ്ദനപ്രഭ പറഞ്ഞു. റെനിയേരി ക്ലബ്ബിനായി ചെയ്ത നല്ല കാര്യങ്ങളൊന്നും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ക്ലബ് വലിയ ഉയരങ്ങള്‍ കീഴടക്കിയതായി ശ്രീവദ്ദനപ്രഭ അഭിപ്രായപ്പെട്ടു. ഗൂസ് ഹിഡിംഗ്, വില്യം ഹില്‍, മാര്ട്ടിന് ഓ നീല്‍ എന്നിവരെയാണ് ലീസ്റ്ററിന്റെ അടുത്ത പരിശീലകനായി പരിഗണിക്കുന്നത്.
ഗെന്റ് ടോട്ടനത്തെ തോല്‍പ്പിച്ചു
പാരീസ്: യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടനം ഹോട്സ്പറിനെ ബെല്‍ജിയം ടീം ഗെന്റ് അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍. ആന്ഡെര്ലെച്റ്റ്, അയാക്സ്, ലിയോണ്‍ എന്നീ ടീമുകളും നോക്കൗട്ടിലെത്തിയിട്ടുണ്ട്. വെംബ്ലിയില്‍ നടന്ന പോരാട്ടത്തില്‍ ഇരുടീമും സമനില പാലിച്ചു. എന്നാല്‍, ആദ്യപാദത്തില്‍ നേടിയ 1-0ന്റെ ആനുകൂല്യത്തില്‍ 3-2ന് ഗെന്റ് പ്രീക്വാര്‍ട്ടറിലെത്തി.
റെനിയേരിയെ ലീസ്റ്റര്‍ പുറത്താക്കി
12:43 AM Feb 25, 2017 | Deepika.com