ഹാമില്ട്ടന്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ആവേശം വാനോളമെത്തിയ മത്സരത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നാലു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയത്. മഴ കളി മുടക്കിയതിനാല്‍ 34 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. 59 റണ്‍സെടുത്ത നായകന് കെയ്ന്‍ വില്യംസണാണ് കിവീസിനെ മികച്ച സ്കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്രിസ് മോറിസ് നാലു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അര്‍ധ സെഞ്ചുറി നേടിയ ക്വന്റണ്‍ ഡികോക്കിന്റെ (69) മികവില്‍ അനായാസ ജയത്തിലേക്കെന്നു തോന്നിപ്പിച്ചെങ്കിലും കിവീസ് ബൗളര്‍മാര്‍ വിക്കറ്റുകളെടുത്തതോടെ കളി ആവേശത്തിലായി. ഒരറ്റത്ത് പിടിച്ചുനിന്ന നായകന് എ.ബി. ഡിവില്യേഴ്സ് ഒരു പന്ത് മാത്രം ശേഷിക്കെ ഫോറടിച്ചാണ് ടീമിനെ ജയത്തിലെത്തിച്ചത്. ഡിവില്യേഴ്സ് 37ഉം ഫെല്‍കുവായോ 29ഉം റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ഡികോക്കാണ് മാന്‍ ഓഫ് ദ മാച്ച്. കിവീസിനു വേണ്ടി ടിം സൗത്തി രണ്ടു വിക്കറ്റ് നേടി.
ദക്ഷിണാഫ്രിക്കയ്ക്കു ജയം
09:09 PM Feb 19, 2017 | Deepika.com