പെരുവ: പെരുവയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ പിൻവലിക്കാൻ ഡിവൈഎസ്പി വിളിച്ച സർവകക്ഷിയോഗം റദാക്കിയതിൽ ദുരൂഹതയെന്ന് ജനതാദൾ മണ്ഡലം പ്രസിഡന്റ് ടോമി മ്യാലിൽ. ഞായറാഴ്ച രാത്രി പത്ത് മണിക്ക് ശേഷം വിളിച്ച സർവ്വകക്ഷിയോഗം തിങ്കളാഴ്ച രാവിലെ ഡിവൈഎസ്പിയുടെ അസൗകര്യം മൂലം മാറ്റിയത് ജനങ്ങളിലും മറ്റു രാഷ്ട്രിയ കക്ഷികളിലും സംശയം ഉണ്ടാക്കിയതായി ടോമി ആരോപിച്ചു. മുളക്കുളം പഞ്ചായത്തിലെ എല്ലാവിധ ജനങ്ങൾക്കും രാഷ്ട്രീയ സംഘടന പ്രവർത്തനങ്ങൾ നടത്താൻ സൗകര്യം ഉണ്ടാക്കണമെന്നും എംഎൽഎയുടെ നേതൃത്വത്തിൽ ഉടൻ സർവകക്ഷി യോഗം വിളിച്ച് ചേർത്തു പ്രശ്നത്തിനു പരിഹാരം കാണണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.