+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പട്ടികവർഗ കോളനികൾക്ക് സമീപം ബിവറേജസ് ഔട്ട്ലറ്റുകൾ തുടങ്ങാൻ അനുവദിക്കില്ലെന്ന് കെഡിഎഫ്

കൊല്ലം: ജനവാസ കേന്ദ്രങ്ങളിലും ആരാധാനലയങ്ങളുടെയും വിദ്യാലയങ്ങളുടെയും പരിസരങ്ങളിലും പട്ടികജാതി പട്ടികവർഗ കോളനികൾക്ക് സമീപവും ഒരുകാരണവശാലും ബിവറേജസ് ഔട്ട്ലറ്റുകൾ തുടങ്ങാൻ അനുവദിക്കില്ലെന്ന് കേരള ദളിത് ഫെ
പട്ടികവർഗ കോളനികൾക്ക് സമീപം  ബിവറേജസ് ഔട്ട്ലറ്റുകൾ തുടങ്ങാൻ അനുവദിക്കില്ലെന്ന് കെഡിഎഫ്
കൊല്ലം: ജനവാസ കേന്ദ്രങ്ങളിലും ആരാധാനലയങ്ങളുടെയും വിദ്യാലയങ്ങളുടെയും പരിസരങ്ങളിലും പട്ടികജാതി പട്ടികവർഗ കോളനികൾക്ക് സമീപവും ഒരുകാരണവശാലും ബിവറേജസ് ഔട്ട്ലറ്റുകൾ തുടങ്ങാൻ അനുവദിക്കില്ലെന്ന് കേരള ദളിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ പറഞ്ഞു. കെ.ഡിഎഫ് സംസ്‌ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാതയൊരത്തെ മദ്യവിൽപ്പന തടഞ്ഞ സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. മദ്യ ഷാപ്പുകൾക്കെതിരായ ജനകീയ പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കരുത്. സമരം നയിക്കുന്നവരെ മദ്യപാനികൾ പരിഹസിക്കുന്നത് പോലെ മന്ത്രിമാരും അപമാനിക്കുന്നത് അവസാനിപ്പിക്കണം.

മദ്യം വിൽക്കുന്നതും വാങ്ങുന്നതും മൗലികാവകാശമായാണ് ഭരണാധികാരികൾ കാണുന്നത്. പൊതുനിരത്തിലുള്ള പുകവലി ഏറെക്കുറെ അവസാനിപ്പിക്കാൻ കഴിഞ്ഞത് ജസ്റ്റിസ് കെ.നാരായണകുറുപ്പിന്റെ സുപ്രധാന വിധിയിലൂടെയാണ്.

കോടതിവിധിക്ക് പകരം സാരോപദേശവുമായി നടന്നിരുന്നെങ്കിൽ പുകവലി ഇത്രത്തോളം കുറയുമായിരുന്നില്ല. മദ്യത്തിനെതിരായ ബോധവത്ക്കരണം നിഴലിനെ മായ്ക്കാമെന്ന പോലെ മിഥ്യാധാരണയാണ്. സാമൂഹ്യക്ഷേമ പരിപാടികളും വികസന പ്രവർത്തനങ്ങളും മദ്യം വിറ്റുകിട്ടുന്ന നികുതിപ്പണം കൊണ്ടേ നടപ്പിലാക്കൂ എന്ന് വാശിപിടിക്കാതെ അതിനായി ബദൽ മാർഗങ്ങൾ കണ്ടെത്തണം. മദ്യഷാപ്പുകൾ തുറക്കാൻ സമയപരിധി നീട്ടിനൽകാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികൾക്ക് ആശ്വാസ ധനസഹായം നൽകാൻ സർക്കാർ തയാറാകണമെന്നും പി.രാമഭദ്രൻ ആവശ്യപ്പെട്ടു.

സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റ് ടി.പി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി.ജി.പ്രകാശ്, പി.കെ.രാധ, കെ.മദനൻ, എ.ഹരിദാസൻ, എ.എ.രതീഷ്, ബി.സി.രാധാകൃഷ്ണൻ, മണ്ണിൽ ബേബി, എസ്.പി.മഞ്ജു, എ.ആശ, കെ.എം.ഉഷാകുമാരി, പി.പി.കമല, പി.സുന്ദരൻ, വി.നാരായണൻ, മിനി ലക്ഷ്മണൻ, കൃഷ്ണൻ മഞ്ചേരി എന്നിവർ പ്രസംഗിച്ചു.