+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ട്കോടിയുടെ ബ്രൗൺഷുഗർ കടത്തിയ കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും

കൊല്ലം: രാജ്യാന്തര വിപണിയിൽ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന 1.15 കിലോഗ്രാം ബ്രൗൺഷുഗർ കടത്തിക്കൊണ്ടുവന്ന കേസിൽ രണ്ടാംപ്രതിക്ക് 20 വർഷം കഠിനതടവും മൂന്നാംപ്രതിക്ക് 10 വർഷം കഠിനതടവും. ഇരുവർക്കും കൂടി മൂന
രണ്ട്കോടിയുടെ ബ്രൗൺഷുഗർ കടത്തിയ കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും
കൊല്ലം: രാജ്യാന്തര വിപണിയിൽ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന 1.15 കിലോഗ്രാം ബ്രൗൺഷുഗർ കടത്തിക്കൊണ്ടുവന്ന കേസിൽ രണ്ടാംപ്രതിക്ക് 20 വർഷം കഠിനതടവും മൂന്നാംപ്രതിക്ക് 10 വർഷം കഠിനതടവും. ഇരുവർക്കും കൂടി മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പ്രസ്താവിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2005 സെപ്റ്റംബർ 26നാണ്. അന്ന് കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ബി സുരേഷും സംഘവും ചേർന്ന് നീണ്ടകര രോഹിണി മാർബിൾസിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന ഒരു കിലോ 15 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തത്.

മഹാരാഷ്ട്ര സ്വദേശിയും ഗോവയിൽ താമസക്കാരനുമായ അനിൽ പട്ടേൽ(37) ആണ് ഒന്നാംപ്രതി. കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവ് കൊല്ലംപറമ്പിൽ വീട്ടിൽ ലാലു(50), തിരുവനന്തപുരം കഴക്കൂട്ടം വടക്കുംഭാഗം തൃപ്തി വീട്ടിൽ വിജയൻ(49) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികൾ. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും ഒരു കുപ്പി ഗോവൻ വിദേശമദ്യവും പിടിച്ചെടുത്തിരുന്നു.

മൂന്നാംപ്രതിയായ വിജയന്റെ നിർദേശാനുസരണമാണ് ഒന്നും രണ്ടും പ്രതികൾ ഗോവയിൽ നിന്നും ബ്രൗൺഷുഗറുമായി നേത്രാവതി എക്സ്പ്രസിൽ അന്ന് പുലർച്ചെ രണ്ടോടെ വർക്കല സ്റ്റേഷനിലിറങ്ങിയത്. അവിടെ നിന്ന് ഇവരെ മൂന്നാം പ്രതി കഴക്കൂട്ടത്തെ ലോഡ്ജിൽ എത്തിച്ചു.

തുടർന്ന് മൂന്നാംപ്രതി നിർദേശിച്ചതനുസരിച്ച് ഹരിപ്പാടുള്ള ഒരാൾക്ക് ബ്രൗൺഷുഗർ കൈമാറുന്നതിനായി നീണ്ടകര വഴി വരുമ്പോഴാണ് ഒന്നും രണ്ടും പ്രതികൾ എക്സൈസിന്റെ പിടിയിലാകുന്നത്.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൂന്നാംപ്രതിയുടെ പങ്ക് വ്യക്‌തമായത്. എക്സൈസ് സിഐയും ഗാർഡുമാരായ വിനോദ് ശിവം, ജെ ജോൺ, സി ഡി അജിത്കുമാർ, രാമചന്ദ്രൻപിള്ള എന്നിവരടങ്ങുന്ന സംഘം കഴക്കൂട്ടത്തെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ പ്രതികൾക്കുവേണ്ടി റൂം ബുക്ക് ചെയ്തുവെന്ന് തെളിയിക്കുന്ന രജിസ്റ്ററും എടിഎം കാർഡുകളും ബാങ്ക് രസീതുകളും ബൈക്കിന്റെ ഉടമ മൂന്നാംപ്രതിയാണെന്ന് തെളിയിക്കുന്ന രേഖകളും പിടിച്ചെടുത്തു.

മാരകമായ ഇനത്തിൽപ്പെട്ട ബ്രൗൺഷുഗർ കൈവശം വയ്ക്കൽ, കടത്തിക്കൊണ്ടുവരൽ, അതിന്റെ വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് രണ്ടാംപ്രതിക്ക് ശിക്ഷ ലഭിച്ചത്. കുറ്റകരമായ ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് മൂന്നാംപ്രതിയെ ശിക്ഷിച്ചത്. അറസ്റ്റിലായശേഷം ആറ് മാസത്തോളം തടവിലായിരുന്നു പ്രതികൾ.

പിന്നീട് ഒന്നാംപ്രതി ഒളിവിൽപ്പോയി. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്ക്വാഡ് സിഐയായിരുന്ന പി കെ സനുവാണ് കേസിന്റെ തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രജനിത് തോമസ് ഹാജരായി.

രണ്ടാംപ്രതിയുടെ പേരിൽ ഗോവയിൽ നിന്ന് വ്യാജമദ്യം കടത്തിക്കൊണ്ടുവന്നതിന് തിരുവനന്തപുരം എക്സൈസിലും മൂന്നാംപ്രതിയുടെ പേരിൽ കഴക്കൂട്ടം എക്സൈസിൽ വ്യാജവിദേശമദ്യം നിർമ്മിച്ച കേസും നിലവിലുണ്ട്.