നാഗ്പുര്‍: ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് തങ്ങളെയും പരിഗണിക്കാം എന്ന ശക്തമായ നിര്‍ദേശം സെലക്ടര്‍മാര്‍ക്കു നല്കുന്ന പ്രകടനം, അതായിരുന്നു. അണ്ടര്‍ 19 ചതുര്‍ദിന മത്സരത്തില്‍ മലയാളി താരങ്ങളായ ഡാരില്‍ ഫെറാരിയോയില്നിന്നും സിജോമോനില്നിന്നുമുണ്ടായത്. ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോറിനു മറുപടിയായി ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഡാരില്‍ 173 പന്തില്‍ 117 റണ്‍സ് നേടിയപ്പോള്‍ ആ ഇന്നിംഗ്സിനു ചാരുതയോകി 14 ബൗണ്ടറികള്‍ പിറന്നു.
സിജോമോന്‍ ജോസഫ് 96 പന്തില്‍ ഏഴു ബൗണ്ടറികളുടെ പിന്‍ബലത്തോടെ 62 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഒരു ഘട്ടത്തില്‍ നാലിന് 176 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ നേരിടുമ്പോഴാണ് ഡാരില്‍ ക്രീസിലെത്തിയത്. ആദ്യം ലോകേശ്വറെയും പിന്നീട് സിജോമോനെയും കൂട്ടുപിടിച്ച് ഡാരില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. ഇംഗ്ലണ്ടിനു വേണ്ടി ഹെന്റി ബ്രൂക്സ്, പാറ്റേഴ്സണ്‍, യുവാന്‍ വുഡ്സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് എന്ന നിലയിലാണ്. ഒമ്പതു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 93 റണ്‍സിന്റെ ലീഡുണ്ട്. ഇന്ന് അവസാന ദിവസമാണ്. അതുകൊണ്ടുതന്നെ പോരാട്ടം സമനിലയിലാവസാനിക്കാനാണ് സാധ്യത.
ഇംഗ്ലണ്ടിനെതിരേ മലയാളിപ്പെരുമ
12:37 AM Feb 16, 2017 | Deepika.com