കൊച്ചി: കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗിന്റെ നാലാമത് എഡിഷന് ഏപ്രിൽ ആദ്യവാരം തുടക്കമാകും.
പുതിയ ഫോർമാറ്റിലാണ് ഇത്തവണ ലീഗ് മത്സരങ്ങൾ നടക്കുക. ഹോം, എവേ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. കഴിഞ്ഞ സീസണിൽ ഒറ്റ വേദിയിലായിരുന്നു മത്സരങ്ങൾ. ഇക്കുറി വിവിധ വേദികളിലായി നടക്കും.
പ്രീമിയർ ലീഗിൽ ഇതുവരെ ഒന്പതു ടീമുകളുടെ പങ്കാളിത്തം കെഎഫ്എ ഉറപ്പാക്കിയിട്ടുണ്ട്. വിവിധ ടീമുകളും ഹോം ഗ്രൗണ്ടും ഇങ്ങനെ: ക്വാർട്ട്സ് എഫ്സി-കോർപറേഷൻ സ്റ്റേഡിയം കോഴിക്കോട്, കേരള പോലീസ്-കോട്ടപ്പടി മൈതാനം മലപ്പുറം, സാറ്റ് തിരൂർ-മുനിസിപ്പൽ സ്റ്റേഡിയം തിരൂർ, ഗോകുലം എഫ്സി-മഞ്ചേരി സ്പോർട്സ് കൗണ്സിൽ സ്റ്റേഡിയം, എഫ്സി കേരള, എഫ്സി തൃശൂർ-കോർപറേഷൻ സ്റ്റേഡിയം തൃശൂർ, സെൻട്രൽ എക്സൈസ്-അംബേദ്ക്കർ സ്റ്റേഡിയം കൊച്ചി, എസ്ബിടി-ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം തിരുവനന്തപുരം, കെഎസ്ഇബി-ശ്രീപാദം മിനി സ്റ്റേഡിയം ആറ്റിങ്ങൽ.
ഏപ്രിൽ രണ്ടിന് മലപ്പുറം കോട്ടപ്പടി മൈതാനിയിൽ കേരള പോലീസും ഗോകുലം എഫ്സിയും തമ്മിലായിരിക്കും ഉദ്ഘാടന മത്സരം.
രണ്ടു മാസം നീളുന്ന ലീഗിൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും മത്സരങ്ങൾ. ഒരു ദിവസം രണ്ടു വേദികളിലായി ഓരോ മത്സരങ്ങൾ വീതം നടക്കും. ആകെ 56 മത്സരങ്ങളാണുണ്ടാവുക. വിജയികൾക്ക് രണ്ടു ലക്ഷം രൂപയും റണ്ണേഴ്സ് അപ്പിന് ഒരു ലക്ഷം രൂപയുമാണ് പ്രൈസ്മണി.
ഇതാദ്യമായി തുടങ്ങിയ കേരള അക്കാഡമി ലീഗിൽ അണ്ടർ-10, അണ്ടർ-12 വിഭാഗങ്ങളിലെ ജില്ലാ തല മത്സരങ്ങൾ പൂർത്തിയാക്കി. അടുത്ത മാസം മേഖല മത്സരങ്ങൾ തുടങ്ങും.
അണ്ടർ-14, അണ്ടർ-16 വിഭാഗങ്ങളുടെ ജില്ലാതല മത്സരങ്ങളും ഇതോടൊപ്പം ആരംഭിക്കും. എല്ലാ വിഭാഗങ്ങളുടെയും ഫൈനൽ റൗണ്ട് മത്സരങ്ങൾ ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കും
കെഎഫ്എക്ക് മൊബൈൽ ആപ്ലിക്കേഷൻ
കൊച്ചി: സംസ്ഥാനത്തെ ഫുട്ബോൾ അക്കാഡമികളെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ മൊബൈൽ ആപ് കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) പുറത്തിറക്കി. ഫുട്ബോൾ അക്കാഡമികളിൽ ചേരാൻ ഉദ്ദേശിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആപ്ലിക്കേഷൻ വഴി സംസ്ഥാനത്തെ അംഗീകൃത അക്കാഡമികളെക്കുറിച്ചുള്ള സമഗ്രവിവരം ലഭിക്കുമെന്ന് കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ അറിയിച്ചു. കെഎഫ്എ അക്കാഡമി എന്ന ടൈറ്റിൽ സെർച്ച് ചെയ്താൽ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ് ഡൗണ്ലൗണ്ഡ് ചെയ്യാം.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്. നിലവിൽ സംസ്ഥാനത്തെ 75 അക്കാഡമികളുടെയും അയ്യായിരം താരങ്ങളുടെയും മുഴുവൻ വിവരങ്ങളും ആപിൽ ലഭ്യമാണ്. 172 അക്കാഡമികളും എണ്ണായിരം താരങ്ങളുമാണ് കെഎഫ്എയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേരള പ്രീമിയർ ലീഗ് ഏപ്രിൽ ആദ്യവാരം
12:20 AM Jan 25, 2017 | Deepika.com