+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാ പഞ്ചായത്ത്: കാർഷികത്തിന് മുൻതൂക്കംസ്വന്തം ലേഖകൻ

കൊല്ലം: ജില്ലാ പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലയ്ക്ക് മുന്തിയ പരിഗണന. വൈസ് പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള അവതരിപ്പിച്ച ബജറ്റിൽ ഈ മേഖലയുമായി ബന്ധപ്പെട്ട് നിരവധി നൂതന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.സമ
ജില്ലാ പഞ്ചായത്ത്: കാർഷികത്തിന് മുൻതൂക്കംസ്വന്തം ലേഖകൻ
കൊല്ലം: ജില്ലാ പഞ്ചായത്ത് ബജറ്റിൽ കാർഷിക മേഖലയ്ക്ക് മുന്തിയ പരിഗണന. വൈസ് പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള അവതരിപ്പിച്ച ബജറ്റിൽ ഈ മേഖലയുമായി ബന്ധപ്പെട്ട് നിരവധി നൂതന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമഗ്ര കാർഷിക മൃഗപരിപാലന പരിപാടിയായ പൊലിയോ പൊലിയാണ് ഇതിൽ പ്രധാനം. ജില്ലയിലെ പാടശേഖരങ്ങളെ അഞ്ച് വർഷത്തിനുള്ളിൽ മാതൃകാ നെൽകൃഷി പാടശേഖരങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി.

ആദ്യഘട്ടത്തിൽ 50 പാടശേഖരങ്ങളെ മാതൃകാ പാടശേഖരങ്ങളാക്കും. ഇവിടെ നെൽകൃഷിക്ക് ആവശ്യമായ വിത്ത്, വളം, യന്ത്രം എന്നിവ പൂർണ സബ്സിഡി നിരക്കിൽ ജില്ലാ പഞ്ചായത്ത് വാങ്ങി നൽകും.

കർഷകർക്ക് ഇതിന് ബോധവത്ക്കരണവും നൽകും. ഈ പാടങ്ങളിൽ ഇടവിളയായി എള്ള്, മുതിര, പയർ എന്നിവ കൃഷിചെയ്യും. ഒരുകോടി രൂപ പദ്ധതിക്ക് വകയിരുത്തി. രണ്ടാം ഘട്ടമായി മൃഗപരിപാലനവും ലക്ഷ്യമിടുന്നു.

ജില്ലയിൽ 200 ജൈവകൃഷി തോട്ടങ്ങൾ സ്‌ഥാപിക്കുന്നതിന് 50 ലക്ഷം രൂപയും ഉൾപ്പെടുത്തി കൊല്ലത്തെ സമ്പൂർണ ജൈവ പച്ചക്കറി ഉത്പാദന ജില്ലയാക്കി മാറ്റും. ഇതിന്റെ ഭാഗമായി ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതിനും ജൈവ പച്ചക്കറി വിപണനം ചെയ്യുന്നതിനും 50 ലക്ഷം രൂപയും ഉൾപ്പെടുത്തി.കോട്ടുക്കൽ ഫാമിൽ ആധുനിക ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ സംയുക്‌ത സംരംഭമായി തുടങ്ങുന്നതിന് ഒരുകോടി രൂപ വകയിരുത്തി.

ചക്ക, മരച്ചീനി, നേന്ത്രക്കായ, പൈനാപ്പിൾ എന്നിവയിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഈ യൂണിറ്റിലൂടെ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകും.

ജില്ലയിലെ കാർഷിക സഹകരണ സംഘങ്ങളെ ജില്ലാ പഞ്ചായത്തിന്റെ കാർഷിക വിപണന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 52 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കാർഷിക കർമസേന രൂപീകരിച്ച് തെങ്ങുകയറ്റ തൊഴിലാളികൾക്ക് ഉൾപ്പെട ആവശ്യമായ യന്ത്രങ്ങൾ വാങ്ങി നൽകുന്നിതിന് 10 ലക്ഷം രൂപയും പ്രവർത്തന രഹിതമായ നാളീകേര സമിതികൾക്ക് തെങ്ങുകയറ്റ യന്ത്രങ്ങൾ നൽകുന്നതിന് അഞ്ചുലക്ഷവും ഉൾപ്പെടുത്തി.

എള്ള്, മുതിര, കുവരക് കൃഷികളുടെ സംരക്ഷണത്തിന് 25 ലക്ഷവും ശൂരനാട് വടക്ക് പഞ്ചായത്തിൽ ആരംഭിക്കുന്ന റൈസ് മില്ലിന് പ്രവർത്തന മൂലധനമായി മൂന്ന് കോടിരൂപയും വകയിരുത്തി.

അഞ്ചൽ കോട്ടുക്കൽ ഫാമിൽ ചൂടുകാലത്തും സുലഭമായി വെള്ളം ലഭിക്കുന്നതിന് ജലസംഭരണിയുടെ നിർമാണത്തിന് രണ്ടു കോടി രൂപയയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫാം നവീകരണവും ബജറ്റിൽ വിഭാവന ചെയ്യുന്നു.

ജില്ലയെ സമ്പൂർണ നെല്ലുൽപാദന ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി സ്വന്തമായും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവർക്ക് വിത്തും വളവും ഗ്രാമ–ബ്ലോക്ക് പഞ്ചായത്തുകളും കൂലിച്ചെലവ് ജില്ലാ പഞ്ചായത്തും വഹിക്കുന്ന പദ്ധതിക്ക് ഉൾപ്പെടുത്തിയിട്ടുള്ളത് 50 ലക്ഷം രൂപയാണ്.

നിലവിലുള്ള കുളങ്ങളും ചിറകളും ആഴംകൂട്ടി സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും രണ്ടു കോടി രൂപ വകയിരുത്തി. കുളങ്ങളുടെ അതിരുകളിൽ മുളകൾ വച്ചുപിടിപ്പിച്ച് പരിസ്‌ഥിതി സംരക്ഷണവും ഉറപ്പ് വരുത്തും.

ചെറുകിട ജലസേചന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ 50 ലക്ഷം രൂപ ഉൾപ്പെടുത്തി. പദ്ധതിയിൽ ചേലൂർക്കര കായൽ, ചിറ്റുമല ചിറ, ചക്കുവള്ളി ചിറ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുന്നു.

പട്ടികജാതി കോളനികളിലെ മണ്ണ് സംരക്ഷണത്തിന് 50 ലക്ഷം രൂപയും ഉൾനാടൻ മത്സ്യകൃഷി ഗ്രൂപ്പുകൾക്കും സൊസൈറ്റികൾക്കും സഹായത്തിന് 10 ലക്ഷം രൂപയും മത്സ്യവിപണന കേന്ദ്രത്തിന് 25 ലക്ഷം രൂപയും മത്സ്യകൃഷി വികസനത്തിന് 25 ലക്ഷവും ഉൾപ്പെടുത്തി.

ക്ഷീരസംഘത്തിൽ പാലളക്കുന്ന കർഷകർക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 1.36 കോടി രൂപയും വകയിരുത്തി.

ക്ഷീരകർഷകർക്ക് പശു വളർത്തൽ, ഗ്രൂപ്പ് സംരംഭമായി നടത്തുന്നതിന് 52 ലക്ഷം, തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ യൂണിറ്റുകൾ സ്‌ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും 52 ലക്ഷം എന്നിങ്ങനെ വകയിരുത്തി.

കുരിയോട്ടുമല ഫാം വികസനം–25 ലക്ഷം, കോട്ടുക്കൽ ഫാം കാലിവളർത്തൽ കേന്ദ്രം–25 ലക്ഷം, കുരിയോട്ടുമല ഫാമിൽ ജൈവവള ഫാട്ടറി നിർമാണം–25 ലക്ഷം, തോട്ടത്തറ ഹാച്ചറി വിപുലീകരണം–ഒരു കോടി എന്നിങ്ങനെ തുക വകയിരുത്തി.

സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം ജില്ലയിലുടനീളം വ്യാപിപ്പിക്കുന്നതിന് പത്ത് ലക്ഷം രൂപയും തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് ആനിമൽ ബർത്ത് കൺട്രോൾ പദ്ധതിക്ക് രണ്ട് കോടി രൂപയും വകയിരുത്തി.

കയർ വ്യവസായത്തെ സംരക്ഷിക്കുന്നതിനും അഞ്ച് പഞ്ചായത്തുകളിൽ കയർ വിപണന കേന്ദ്രങ്ങൾ തുടങ്ങുന്നതിനും 25 ലക്ഷം രൂപ വകയിരുത്തി. കൈത്തറി മേഖലയുടെ നവീകരണത്തിന് ഉൾപ്പെടുത്തിയിട്ടുള്ളത് 50 ലക്ഷം രൂപയാണ്.

അഞ്ചൽ ബ്ലോക്കിൽ എല്ലാ വീടുകളിലും കശുമാവ് കൃഷി, ജില്ലയിലെ പൊതുസ്‌ഥലങ്ങളിൽ കശുമാവ് കൃഷി–15 ലക്ഷം, കൊട്ടാരക്കര ഫാമിൽ രണ്ടുലക്ഷം കശുമാവിൻ തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി.