കേളകം: കേളകത്ത് ബിവറേജസ് ഔട്ട്ലെറ്റ് പുനരാരംഭിച്ചു. ദേശീയപാതയോരത്തു സ്ഥിതിചെയ്യുന്ന മദ്യഷാപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ധനലക്ഷമി ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്തിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് കേളകത്തേയ്ക്ക് മാറ്റിയത്. കേളകത്ത് പോലീസ് സ്റ്റേഷനു സമീപത്തായുള്ള പഴയ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങിയത്. ഇന്നലെ രാവിലെപതിനൊന്നോടെയാണ് പോലീസ് അകമ്പടിയോടെ മദ്യവുമായി വാഹനമെത്തിയത്. ലോഡിറക്കി ഉച്ചയ്ക്ക് 12 ഓടെ വില്പനയും ആരംഭിച്ചു. പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കു കൂട്ടലിൽ മട്ടന്നൂർ സിഐ ഷജു ജോസഫിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.