പുതിയതെരു: പുതിയതെരുവിൽ ഗുണ്ടാ ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പുതിയതെരു മുക്കിലെ പീടികയിലെ അർഷിദി(25)നാണു വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ പുതിയതെരു മാർക്കറ്റ് ജംഗ്ഷനിലായിരുന്നു സംഭവം. മൂന്നംഗസംഘം വടിവാൾകൊണ്ട് വെട്ടുകയായിരുന്നു. പരിക്കേറ്റ അർഷിദിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രഥമചികിത്സയ്ക്കുശേഷം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് വളപട്ടണം പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. എസ്ഡിപിഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് കനത്ത പോലീസ് കാവൽ തുടരുകയാണ്.