+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്താരാഷ്ര്‌ട വാർത്താചിത്രമേളയ്ക്ക് തിരക്കേറുന്നു

കൊല്ലം: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ര്‌ട വാർത്താചിത്രമേളയിലെ അവിസ്മരണീയദൃശ്യങ്ങൾ കാണാൻ തിരക്കേറുന്നു. മേളയുടെ രണ്ടാം ദിവസം ജില്ലയുട
അന്താരാഷ്ര്‌ട വാർത്താചിത്രമേളയ്ക്ക് തിരക്കേറുന്നു
കൊല്ലം: കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ര്‌ട വാർത്താചിത്രമേളയിലെ അവിസ്മരണീയദൃശ്യങ്ങൾ കാണാൻ തിരക്കേറുന്നു. മേളയുടെ രണ്ടാം ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നുമുള്ള കലാസ്വാദകർ എത്തി.

മേളയോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ നേതൃത്വത്തിൽ നടത്തിയ താളമഹോത്സവത്തിൽ ബാലകൃഷ്ണകമ്മത്തും സംഘവും അവതരിപ്പിച്ച കാമാമൃതം ഫ്യൂഷനിൽ തവിൽ, മൃദംഗം, മദ്ദളം, തബല, ഘടം, വയലിൻ, മുഖർശംഖ്, ഓടക്കുഴൽ എന്നീ വാദ്യങ്ങൾ സമന്വയിച്ചു.

മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ന്യൂസ് ഫോട്ടോയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിച്ചതും ലോകത്തിന്റെ വികസനത്തെയും തകർച്ചയെയും അടയാളപ്പെടുത്തിയതുമായ ചിത്രങ്ങളാണ്. പ്രകൃതിയുടെയും മനുഷ്യന്റെയും താണ്ഡവവും മനുഷ്യത്വത്തിന്റെ വിവിധ മുഖങ്ങളും തെളിയുന്ന ദൃശ്യങ്ങൾ ഇവയിലുണ്ട്.

ഇന്ത്യൻ ഫോട്ടോ ജേർണലിസത്തിന് നവീനഭാവം നൽകിയ രഘുറായിയുടെ ചിത്രങ്ങൾ മേളയുടെ മാറ്റു കൂട്ടുന്നു. അപകടാവസ്‌ഥയിലുള്ള പാറക്കല്ലിനു സമീപം ഉല്ലസിക്കുന്നവർ, മദർ തെരേസയെ കാണാനെത്തിയ അഗതികൾ തുടങ്ങിയവ സവിശേഷതകളുള്ളവയാണ്.

ഫോട്ടോഗ്രഫി ടൈം ഓഫ് പ്രോഗ്രസ്; ഹ്യുമാനിറ്റി 1900 1917 എന്ന വിഭാഗം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രശസ്ത ചലച്ചിത്രസംവിധായകനായ ഷാജി എൻ. കരുൺ തിരഞ്ഞെടുത്ത 17 വർഷത്തെ ചിത്രങ്ങളാണ് ഇതിലുള്ളത്. ഫോട്ടോ ജേർണലിസത്തെയും മനുഷ്യരാശിയെയും ഒരുപോലെ സ്വാധീനിച്ച ചിത്രങ്ങളാണ് ഇവ. റഷ്യ, ഫ്രാൻസ്, ടിബറ്റ്, ഇന്ത്യ, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പ്രശസ്ത ഫോട്ടോഗ്രാഫർമാരാണ് ഇവ പകർത്തിയത്.

ശബ്ദലേഖനം നടത്തുന്ന തോമസ് ആൽവാ എഡിസൺ, പനാമ കനാലിന്റെ നിർമാണം, ഇംഗ്ലണ്ടിലെ തൊഴിലാളികൾ, റബർ ലഭ്യത കുറഞ്ഞപ്പോൾ ലോഹം കൊണ്ടുള്ള ടയർ ഉപയോഗിച്ച് ഓടിച്ച ജർമൻ കാർ, കടുവ വേട്ടയ്ക്കു മുമ്പുള്ള രാജകീയ വിരുന്ന് തുടങ്ങിയ അവിസ്മരണീയ ചിത്രങ്ങൾ ഈ വിഭാഗത്തിന്റെ പ്രധാന ആകർഷണമാണ്.

അസോഷിയേറ്റഡ് ഫ്രാൻസ് പ്രസിന്റെ ഫോട്ടോഗ്രാഫറായ ആർ. രവീന്ദ്രന്റെ ചിത്രങ്ങളാണ് മറ്റൊരു ആകർഷണം. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ പ്രതിഷേധിച്ചു കൊണ്ട് വിദ്യാർഥിയായ രാജീവ് ഗോസ്വാമി സ്വയം ദേഹത്തു കൊളുത്തിയ തീയുമായി നിൽക്കുന്ന ചിത്രം, സുനാമി ദുരന്തത്തിന്റെ ചിത്രങ്ങൾ, ദേശീയ നേതാക്കളുടെ ദൃശ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സ്പോർട്സ്, രാഷ്ര്‌ടീയം, സിനിമ, സാഹിത്യം, സംഗീതം, കല തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പർശിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ വികസനത്തെ സ്വാധീനിച്ച ചർച്ചകൾ, പ്രശസ്തരുടെ കൗതുകനിമിഷങ്ങൾ തുടങ്ങിയവ പ്രത്യേകശ്രദ്ധയർഹിക്കുന്നു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കൊല്ലം പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെ നടത്തുന്ന മേള ഇന്ന് സമാപിക്കും. സമാപനസമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.

മാധ്യമ രംഗത്ത് 25 പൂർത്തിയാക്കിയ പ്രമുഖ ഫോട്ടോ ജേർണലിസ്റ്റുകളെ മന്ത്രി ചടങ്ങിൽ ആദരിക്കും. മേളയുടെ ഭാഗമായി നടന്ന ശില്പശാലയിൽ പങ്കെടുത്ത ഫോട്ടോഗ്രാഫർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിർവഹിക്കും. മാധ്യമ രംഗത്തെ പഠന–ഗവേഷണത്തിനായി അക്കാദമി ഏർപ്പെടുത്തിയ ഫെലോഷിപ്പിന്റെ ആദ്യഗഡു മന്ത്രി കെ രാജു കൈമാറും.

അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. മേയർ വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ എന്നിവർ വിശിഷ്ടാതിഥികളാകും. ആദരിക്കപ്പെടുന്ന പ്രമുഖ ഫോട്ടോ ജേർണലിസ്റ്റുകളെ അക്കാദമി സെക്രട്ടറി കെ ജി സന്തോഷും ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടവരെ അസിസ്റ്റന്റ്സെക്രട്ടറി കെ.ആർ.പ്രമോദ് കുമാറും പരിചയപ്പെടുത്തും.

ഇന്റർനാഷണൽ പ്രസ് ഫോട്ടോ ഫെസ്റ്റിവൽ ഡയറക്ടർ ടി.കെ.രാജീവ് കുമാർ, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, അക്കാദമി ഭരണസമിതിയംഗം ദീപക് ധർമ്മടം, കൊല്ലം പ്രസ് ക്ലബ് സെക്രട്ടറി ഡി.ജയകൃഷ്ണൻ, പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമൽ കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ് തുടങ്ങിയവർ പ്രസംഗിക്കും. സമാപന സമ്മേളനത്തിന് മുന്നോടിയായി വൈകുന്നേരം 5.30ന് താള മഹോത്സവത്തിൽ കലാമണ്ഡലം ഈശ്വരനുണ്ണിയും സംഘവും മിഴാവ് മേളം അവതരിപ്പിക്കും.