കോയമ്പത്തൂര്‍: രണ്ടു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍ നേടി എംജി സര്‍വകലാശാലാ മുന്നില്‍നിന്നു നയിച്ചപ്പോള്‍ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റിന്റെ മൂന്നാം നാള് കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇന്നലെ മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമടക്കം ഒമ്പതു മെഡലുകള്‍ നേടിയാണ് കേരളതാരങ്ങള്‍ മേളയുടെ ആവേശം കൂട്ടിയത്. വനിതകളുടെ ഹൈജംപില്‍ റിക്കാര്‍ഡ് പ്രകടനത്തോടെ സ്വര്‍ണം നേടിയ എംജിയുടെ ജിനു മരിയ മാനുവലാണ് ഇന്നലത്തെ കേരളതാരം. മികച്ച കുതിപ്പുമായി പ്രയാണം തുടരുന്ന എംജി യൂണിവേഴ്സിറ്റി 41 പോയിന്റുമായി വനിതാ വിഭാഗത്തില്‍ ഒന്നാമതാണ്. 29 പോയിന്റുമായി പട്യാലയും 28 പോയിന്റുമായി മാംഗളൂര് യൂണിവേഴ്സിറ്റിയുമാണ് തൊട്ടുപിന്നിലുള്ളത്. മേളയുടെ ഓവറോള്‍ പോയിന്റുനിലയില്‍ 72 പോയിന്റുമായി മാംഗളൂര് യൂണിവേഴ്സിറ്റിയാണു മുന്നില്‍. എംജിയും പട്യാലയും 58 പോയിന്റുകള്‍ വീതം നേടി തൊട്ടുപിന്നിലുണ്ട്. 43 പോയിന്റ് നേടിയ മദ്രാസ് യൂണിവേഴ്സിറ്റിയാണു മൂന്നാം സ്ഥാനത്ത്.
ഒമ്പതു മെഡലുകള്‍
രണ്ടുനാളത്തെ മെഡല്‍ വരള്‍ച്ചയ്ക്കു വിരാമമിട്ട് മൂന്നാംനാള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നേടിയത് ഒമ്പതു മെഡലുകള്‍. മൂന്നു സ്വര്‍ണം, മൂന്നു വെള്ളി, മൂന്നു വെങ്കലം. വനിതകളുടെ ഹൈജംപില്‍ എംജിയുടെ ജിനു മരിയ മാനുവല്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ പോള്‍വോള്‍ട്ടില്‍ എംജിയുടെ രേഷ്മ രവീന്ദ്രനും ലോംഗ്ജംപില് കേരളയുടെ നയന ജെയിംസും സ്വര്‍ണം നേടി.
ജിനുവിന്റെ റിക്കാര്‍ഡ് സ്വര്‍ണമുള്‍പ്പെടെ എംജി ഇന്നലെ നേടിയത് ഏഴു മെഡലുകള്‍. എംജിക്കു വേണ്ടി വനിതകളുടെ പോള്‍വോള്‍ട്ടില്‍ സിഞ്ചു പ്രകാശ്, പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ അരുണ്‍ബേബി എന്നിവര്‍ വെള്ളിയും വനിതകളുടെ ഹൈജംപില്‍ എയ്ഞ്ചല്‍ പി. ദേവസ്യ, വനിതകളുടെ 400 മീറ്ററില്‍ ജെറിന് ജോസഫ്, പുരുഷന്മാരുടെ 400 മീറ്ററില്‍ കെ. മുഹമ്മദ് ലുലൈബ് എന്നിവര്‍ വെങ്കലവും നേടി. കേരളയ്ക്കു രണ്ടു മെഡലുകളാണ് ലഭിച്ചത്. നയന ജെയിംസിന്റെ സ്വര്‍ണമുള്‍പ്പെടെ സനു സാജന് പുരുഷന്മാരുടെ 400 മീറ്ററില്‍ വെള്ളി നേടി.
അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും ജിനു മരിയ
ഹൈജംപില്‍ റിക്കാര്‍ഡു നേട്ടവുമായി എംജിയുടെ ജിനു മരിയ മാനുവല്‍ കൊയ്തെടുത്തതു മറ്റൊരു വ്യക്തിഗത നേട്ടവും കൂടി. അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും മേളയിലെ ഹൈജംപ് ചാമ്പ്യന്‍ എന്ന പദവിയുമായാണ് ഇത്തവണ ജിനുവിന്റെ മടക്കം. 2011 ലാണ് ഇതിനുമുമ്പ് മീറ്റിലെ ഒന്നാം സ്ഥാനക്കാരിയായത്. ഇത്തവണ 1.79 മീറ്റര്‍ ചാടി 2004-ല്‍ അണ്ണാ യൂണിവേഴ്സിറ്റിയുടെ എം. സംഗീത സ്ഥാപിച്ച റിക്കാര്‍ഡാണ് പഴങ്കഥയാക്കിയത്. ചങ്ങനാശേരി അസംപ്ഷന്‍ പിജി വിദ്യാര്‍ഥിനിയായ ജിനു മൂവാറ്റുപുഴ പോത്താനിക്കര പനച്ചിക്കവയലില്‍ മാനുവല്‍ തോമസിന്റെയും ലോലിയുടെയും മകളാണ്.
പോള്‍വോള്‍ട്ടില്‍ എംജിയുടെ കൊയ്ത്ത്
വനിതകളുടെ പോള്‍വോള്‍ട്ടില്‍ സ്വര്‍ണവും വെള്ളിയും എംജി യൂണിവേഴ്സിറ്റിക്ക്. 3.40 മീറ്റര്‍ മറികടന്ന് രേഷ്മ രവീന്ദ്രനാണ് സുവര്‍ണ താരമായത്. 3.30 മീറ്റര്‍ ചാടിയ സിഞ്ജു പ്രകാശ് വെള്ളി നേടി. ചങ്ങനാശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനിയായ രേഷ്മ ആര്. വിനയചന്ദ്രന്റെ കീഴിലാണ് പരിശീലിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കട പൂഴനാട് ഷണ്മുഖ ഭവനില്‍ രവീന്ദ്രന് നായര്‍- ഉഷാകുമാരി ദമ്പതികളുടെ മകളാണ്. കഴിഞ്ഞ മീറ്റിലും വെള്ളിമെഡല്‍ ജേതാവാണ് പാലാ അല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥിനിയായ സിഞ്ചു പ്രകാശ്. കണ്ണൂര്‍ ചക്കരയ്ക്കല്‍ മുക്കണ്ടത്ത് മാര്ക്കണ്ടി വീട്ടില്‍ പ്രകാശന്- സവിത ദമ്പതികളുടെ മകളാണ്. ഇതു നാലാമത്തെ മീറ്റായിരുന്നു. മദ്രാസ് സര്‍വകലാശാലയുടെ മഞ്ജുകയ്ക്കാണ് ഈയിനത്തിലെ വെങ്കലം. കാലിക്കട്ടിന്റെ സി. അനശ്വര നാലാമതെത്തി.
ലോംഗ്ജംപില് നയന
വനിതകളുടെ ലോംഗ്ജംപില് 6.07 മീറ്റര്‍ ചാടി നയന ജെയിംസ് നേടിയെടുത്തത് കേരള യൂണിവേഴ്സിറ്റിയുടെ ആദ്യ സ്വര്‍ണം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ നയന കോഴിക്കോട് ചക്കിട്ടപ്പാറ മാളിയേക്കല്‍ ജെയിംസ്- ടെസി ദമ്പതികളുടെ മകളാണ്.
സഞ്ജീവനിക്കു റിക്കാര്‍ഡ് ഹാട്രിക് ഡബിള്‍
കഴിഞ്ഞ ദിവസം 5000 മീറ്ററില്‍ റിക്കാര്‍ഡോടെ ഹാട്രിക് പൂര്‍ത്തിയാക്കിയ സാവിത്രിബായി പുലെ യൂണിവേഴ്സിറ്റിയുടെ സഞ്ജീവനിക്കു 10000 മീറ്ററിലും റിക്കാര്‍ഡോടെ ഹാട്രിക്. കഴിഞ്ഞ വര്‍ഷത്തെ സ്വന്തം മീറ്റ് റിക്കാര്‍ഡ് (34.06.91) പഴങ്കഥയാക്കിയാണ് സമയത്തില്‍ സഞ്ജീവനി പുതിയ മീറ്റ് റിക്കാര്‍ഡ് കുറിച്ചത്.
മുന്‍വര്‍ഷവും സ്വന്തം റിക്കാര്‍ഡ് തിരുത്തിയാണ് സ്വര്‍ണം നേടിയത്. വനിതകളുടെ പതിനായിരം മീറ്ററില്‍ മാംഗളൂര് സര്‍വകലാശാലയുടെ മീനു വെള്ളിയും ഖൊരഗ്പുര്‍ സര്‍വകലാശാലയിലെ ഫൂലന് പാല് വെങ്കലവും നേടി. കാലിക്കട്ടിന്റെ എം.ഡി. താര ആറാമതായി ഫിനിഷ് ചെയ്തു. മീറ്റ് നാളെ സമാപിക്കും.
എം.വി. വസന്ത്
അന്തര്‍ സര്‍വകലാശാലാ അത്ലറ്റിക് മീറ്റ്; എംജിയുടെ കുതിപ്പ്
01:20 AM Jan 14, 2017 | Deepika.com