പാക്കിസ്ഥാന് ഏകദിനത്തിലും ശനിദശ
01:20 AM Jan 14, 2017 | Deepika.com
ബ്രിസ്ബെയ്ന്‍: ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തിന്റെ മുറിവുണങ്ങും മുമ്പ് ഓസീസിനു മുന്നില്‍ ആദ്യ ഏകദിനത്തിലും പാക്കിസ്ഥാന് വീണു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 176 റണ്‍സിനവസാനിച്ചു. ഓസീസിന് 92 റണ്‍സ് വിജയം. പുറത്താകാതെ മാത്യു വേഡ് നേടിയ സെഞ്ചുറിയാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ തുടക്കത്തിലേ നഷ്ടപ്പെട്ട് അഞ്ചിന് 78 എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ വേഡും ഗ്ലെന്‍ മാക്സ്വെല്ലും(60) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തുണച്ചത്. പാക്കിസ്ഥാന്റെ ഹസന് അലി മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് അമീറും ഇമാദ് വസീമും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഒരുഘട്ടത്തില്‍ പോലും ഓസീസിനു വെല്ലുവിളിയുയര്‍ത്തിയില്ല. 33 റണ്‍സെടുത്ത ബാബര്‍ അസാമാണ് പാക് സംഘത്തിന്റെ ടോപ് സ്കോറര്‍. ഓസീസിനായി ജയിംസ് ഫോക്നര്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മൂന്നു വിക്കറ്റുമായി പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും തിളങ്ങി.