കോഴിക്കോട്: പരാതിക്കാരിപോലും ഇല്ലാത്ത ചാനൽ വാർത്തയിലൂടെ ആരോപണ വിധേയനായതിന്റെ പേരിൽ മന്ത്രി പദവി രാജിവച്ച എ.കെ ശശീന്ദ്രന്റെ നടപടി രാഷ്ട്രീയ ധാർമികതയുടെ ഉദാത്ത മാതൃകയാണെന്ന് എൻസിപി ജില്ലാ നിർവാഹക സമിതി യോഗം വിലയിരുത്തി. വാർത്തയുടെ നിജസ്ഥിതി കണ്ടെത്താൻ യുക്തമായ അന്വേഷണം ആവശ്യപ്പെടുകയും അന്വേഷണം നടക്കുന്പോൾ അധികാരത്തിൽ തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് പ്രഖ്യാപിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ശശീന്ദ്രന് എല്ലാ പിന്തുണയും ഐക്യാർഢ്യവും പ്രഖ്യാപിച്ച യോഗം നിരപരാധിത്വം തെളിയിച്ച് അദ്ദേഹം തിരിച്ചുവരുമെന്നും അഭിപ്രായപ്പെട്ടു. വ്യക്തികളുടെ ടെലഫോൺ ചോർത്തലും വ്യക്തിഹത്യ നടത്തലും മാധ്യമപ്രവർത്തനമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു.