മുംബൈ: പരിക്കിന്റെ വേവലാതികള്‍ മറന്ന് ഏകദിന ട്വന്റി- 20 പരമ്പരകള്‍ക്ക് ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാം. ആദ്യ സന്നാഹ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ടിനു ഒരവസരവും നല്‍കാതെ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ എയ്ക്ക് മികച്ച വിജയം. ഇംഗ്ലണ്ട് ഇലവന് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. പരിക്കില്‍നിന്നു മോചിതനായെത്തിയ അജിങ്ക്യ രഹാനയുടെ അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ അധികം വിയര്‍പ്പൊഴുക്കാതെ ലക്ഷ്യം കണ്ടത്. ടെസ്റ്റിലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഒമ്പത് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായതു മാത്രമാണ് മത്സരത്തില്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ത്തിയത്. ഇന്ത്യ എയ്ക്കു വേണ്ടി ഷെല്‍ഡന്‍ ജാക്സണും ഋഷഭ് പന്തും 59 റണ്‍സ് വീതം നേടിയപ്പോള്‍ സുരേഷ് റെയ്ന 45 റണ്‍സെടുത്തു.
ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇലവന് കഴിഞ്ഞ കളിയിലെ മികവ് തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ എയുടെ ബൗളര്‍മാര്‍ക്ക് ആദ്യ ഓവറുകളില്‍ കണക്കിന് ശിക്ഷ കിട്ടി. ആദ്യ വിക്കറ്റ് അഞ്ചാം ഓവറില്‍ നഷ്ടമാകുമ്പോള്‍ ഇന്ത്യ എ 42 റണ്‍സെടുത്തിരുന്നു. പിന്നീടെത്തിയ ജോനി ബെയര്‍സ്റ്റോയും മികവു പുലര്‍ത്തിയതോടെ ഇംഗ്ലണ്ട് ഇലവന് മികച്ച സ്കോറിലേക്ക് കുതിച്ചു. എന്നാല്‍ ഓപ്പണര്‍മാരും ബെയര്‍സ്റ്റോയും പുറത്തായതോടെ ഇന്ത്യ എ ബൗളര്‍മാര്‍ നിയന്ത്രണം ഏറ്റെടുത്തു. 48.5 ഓവറില്‍ ഇംഗ്ലണ്ട് ഇലവന് 282 റണ്‍സിനു പുറത്തായി.ഇന്ത്യക്കു വേണ്ടി പര്‍വേസ് റസൂല്‍ മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ അശോക് ദിണ്ഡും ഷഹബാസ് നദീമും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ രഹാനെയുടേയും ജാക്സന്റെയും പന്തിന്റെയും മികവില്‍ പത്തു ഓവറുകളും രണ്ടു പന്തുകളും ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു.
സന്നാഹം: ഇന്ത്യ എയ്ക്ക് വിജയം
01:41 AM Jan 13, 2017 | Deepika.com