കണ്ണൂർ: പൂനയിൽ നടന്ന ദേശീയ സീനിയർ അത്ലറ്റിക്സിൽ ചാമ്പ്യന്മാരായി നാട്ടിലേക്കു തിരിച്ച കേരള ടീമിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന്റെയും സ്പോർട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് താരങ്ങളെയും ടീം പരിശീലകരെയും ബൊക്ക നൽകി ഹാരമണിയിച്ചു.
പൂനെ- എറണാകുളം പൂർണ എക്സ്പ്രസിൽ ഇന്നലെ വൈകുന്നേരം 5.50നാണ് കിരീടവുമായി ടീം എത്തിയത്. ഉച്ചയ്ക്ക് എത്തേണ്ട ട്രെയിൻ നാലുമണിക്കൂറോളം വൈകിയാണ് കണ്ണൂരിലെത്തിയത്. ബാൻഡ്മേളത്തിന്റെ ആവേശം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു സ്വീകരണം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഡിപിഐ കെ.വി. മോഹൻകുമാർ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ഒ. കെ. വിനീഷ്, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ കുട്ടികൾ തുടങ്ങിയവർ സ്വീകരിക്കാനെത്തി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ 10 മിനിറ്റ് സ്വീകരണത്തിനുശേഷം ടീമംഗങ്ങൾ ട്രെയിനിൽ യാത്ര തുടർന്നു.
സുവർണതാരങ്ങൾക്ക് കണ്ണൂർ സ്വീകരണം നൽകി
01:49 AM Jan 10, 2017 | Deepika.com